
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥയിലുള്ള കുറ്റസമ്മതമാണ് കോൺഗ്രസാണ് സംരക്ഷണം ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദമെന്ന് മുൻ കെപിസിസി പ്രസിഡൻറ് എംഎം ഹസൻ പറഞ്ഞു (7.12.25).
പോലീസിനെ കാര്യക്ഷമത ഇല്ലാഞ്ഞിട്ടല്ല, വോട്ടെടുപ്പ് ദിവസം വരെ വാർത്തകൾ സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ
കോൺഗ്രസ് സംരക്ഷിക്കുന്നു എന്നത് നുണപ്രചരണമാണ്. സ്ത്രീ പീഡകരായിട്ടുള്ള മാർക്സിസ്റ്റ് നേതാക്കളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. രാഹുൽ വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി ഉപയോഗിക്കുന്ന നാടകമാണ്. രാഹുലിന് ഒരുതരത്തിലുള്ള സംരക്ഷണവും കോൺഗ്രസ് നൽകുന്നില്ലെന്നും എംഎം ഹസൻ കൂട്ടിച്ചേർത്തു.
കൊട്ടിയം ദേശീയപാത തകർച്ചയിൽ എൻഎച്ച്എഐ യ്ക്കും കേന്ദ്രസർക്കാരിനും പോലെ തന്നെ സംസ്ഥാന സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ഇത്രയുംകാലം ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവരാണ് സിപിഎം സർക്കാരും പൊതുമരാമത്ത് മന്ത്രിയും. പാത തകരുന്നതിന് മുമ്പുവരെ അതിൻ്റെ അവകാശവാദം ഉന്നയിച്ചിട്ട് ഇപ്പോൾ അതിൽ നിന്ന് ഒളിച്ചോടുന്നത് ന്യായമാണോ? കെ സി വേണുഗോപാൽ എംപി ചെയർമാൻ ആയിട്ടുള്ള പിഎസി ദേശീയപാത നിർമ്മാണത്തിൽ സുരക്ഷ ഓഡിറ്റിംഗ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനെ പരിഹസിച്ചവരാണ് സിപിഎം നേതാക്കൾ. അ ആവശ്യം നടപ്പാക്കാൻ ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കില്ലായിരുന്നു. കേരളത്തിൽ നടക്കുന്ന ദേശീയപാത നിർമ്മാണത്തിന്റെ സുരക്ഷാ ഉറപ്പാക്കാനും പരിശോധിക്കുവാനും കേരള സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ഈ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ പോലെ തുല്യ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുമുണ്ട്. നിലവാരമില്ലാത്ത കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താനും സുരക്ഷ ഓഡിറ്റിംഗ് നടത്താനും സംസ്ഥാന സർക്കാർ ആവശ്യപ്പെടാത്തത് ഇതേ കരാർ കമ്പനിക്കാരുമായി സിപിഎം നേതാക്കൾക്കുള്ള ഒത്തുകളിയാണന്നും എം എം ഹസൻ പറഞ്ഞു.