രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരം മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ് – ഡിസംബർ 11
ശബരിമലയിലെ സ്വർണമോഷണത്തിൽ പങ്കാളിത്തമുള്ള ഉന്നതന്മാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാതിരിക്കാൻ ആണ് മുഖ്യ മന്ത്രിയുടെ ശ്രമം. ഇതെല്ലാം ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ഈ തെരഞ്ഞെടുപ്പിൽ ഇതൊക്കെ പ്രതിഫലിക്കും.

മുഖ്യമന്ത്രി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എവിടെയാണ് പാലിച്ചിട്ടുള്ളത്? നാടിന് എന്ത് മാറ്റമാണ് ഉണ്ടായത്? കഴിഞ്ഞ പത്തു വർഷം നമുക്ക് നഷ്ടപ്പെട്ടുപോയ പത്തു വർഷങ്ങളാണ്. അദ്ദേഹം വെറുതെ വീമ്പ് പറയുകയാണ്. ജനങ്ങൾ അതിന് തിരിച്ചടി നൽകും എന്ന കാര്യത്തിൽ സംശയം വേണ്ട.

കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ പ്രവർത്തനം അങ്ങേയറ്റം പരിതാപകരമാണ്. മുഖ്യമന്ത്രിക്ക് കേരളത്തിലെ ജനങ്ങളെ ശ്രദ്ധിക്കാൻ സമയമില്ല. അദ്ദേഹം ജനങ്ങളുടെ പണം മുടക്കി വിദേശങ്ങളിലൊക്കെ സഞ്ചരിക്കുകയാണ്. അദ്ദേഹം നടത്തിയ വിദേശ യാത്രകൾ കൊണ്ട് എന്ത് പ്രയോജനം കേരളത്തിനുണ്ടായി.
യഥാർത്ഥ നശീകരണം നടത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിൻ്റെ മുഖ്യമന്ത്രിയും എൽഡിഎഫുമാണ്. ജനങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യാത്ത ഒരു ഗവൺമെൻ്റാണിത്. അത് വ്യക്തമാകുന്നതിൻ്റെ പരിഭ്രാന്തിയാണ് മുഖ്യമന്ത്രിക്കുള്ളത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഏറ്റവും മാതൃകാപരമായ നടപടി സ്വീകരിച്ച പാർട്ടിയാണ് ഞങ്ങളുടേത്. രണ്ടാഴ്ചക്കാലം സിപിഎമ്മിൻ്റെ മുൻ എംഎൽഎയ്ക്കെ തിരെ പരാതി കിട്ടിയിട്ട്, അത് മുഖ്യമന്ത്രി അടച്ച് പെട്ടിയിൽ വയ്ക്കുകയായിരുന്നു. എന്തുകൊണ്ട് നടപടി എടുത്തില്ല ?
സിപിഎമ്മിൽ പീഢനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്.
നിയമം എല്ലാവർക്കും ഒരേപോലെ ആകണം. എൻപിള്ള നയം സ്വീകരിക്കുന്നത് ശരിയല്ല.
കെപിസിസി പ്രസിഡൻ്റ് അദ്ദേഹത്തിന് ലഭിച്ച പരാതി ഉടനടി ഡിജിപിക്ക് ഫോർവേഡ് ചെയ്തു.
അതേസമയം ഒരു മുൻ സിപിഎം എംഎൽഎക്കെതിരെ പരാതി കിട്ടിയിട്ട് 14 ദിവസം ഈ മുഖ്യമന്ത്രി മുക്കിവെച്ചു. എന്നിട്ടാണ് അദ്ദേഹം ഈ വർത്തമാനം പറയുന്നത്.
എത്രയോ പീഡന പരാതികൾ അദ്ദേഹം ഒതുക്കി തീർത്തു. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും അല്ലാതെയും. പാർട്ടി ഓഫീസിൽ ക്യാമറ വെച്ച് അത് പുറത്തുവന്ന സംഭവങ്ങൾ എത്ര പാർട്ടിക്കകത്തുണ്ടായിട്ടുണ്ട്? ഇതൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുത്. അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ നടന്ന കാര്യങ്ങളൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുത്.
ശബരിമല അടക്കം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയ്യാറല്ല. യാതൊരു വികസനവും കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ നടന്നിട്ടില്ല. ഒരു വൻകിട വികസന പദ്ധതിയും കേരളത്തിൽ കൊണ്ടുവന്നിട്ടില്ല. ആളുകളെ കബളിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി വെറുതെ പ്രസംഗിക്കുകയാണ്.
രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ സ്വർണ്ണം അടിച്ചു മാറ്റിയതിനു ജയിലിൽ കിടക്കുകയാണ്. അവരെ വെച്ചുകൊണ്ടാണ് ഞങ്ങളോട് സാരോപദേശം മുഖ്യമന്ത്രി നടത്തുന്നത്. അത് വേണ്ട. മുഖ്യമന്ത്രി എവിടെ നിൽക്കുന്നു, സിപിഎം എവിടെ നിൽക്കുന്നു എന്നുള്ള കാര്യമൊക്കെ ജനങ്ങൾക്കറിയാം.
പ്രത്യേക അന്വേഷണസംഘം ഇന്നലെ മൊഴിയെടുക്കുന്നതിന് എന്തോ അസൗകര്യമുണ്ട് എന്ന് പറഞ്ഞതുകൊണ്ടാണ് അത് മാറ്റിവെച്ചത്. അവർ സമയം തരുമ്പോൾ പോകും ഇല്ലെങ്കിൽ വിശദവിവരങ്ങൾ ജനങ്ങളോട് പറയും.

കെ. റെയിൽ പദ്ധതി നടക്കാൻ സാധ്യതയില്ല എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു കഴിഞ്ഞു. ഇനി നാട്ടിൽ കുഴിച്ചിട്ടിരിക്കുന്ന ആ മഞ്ഞക്കുറ്റികൾ എടുത്ത് മാറ്റിയാൽ ജനങ്ങൾക്ക് വസ്തു ക്രയവിക്രയം ചെയ്യാനുള്ള അവസരം എങ്കിലും കിട്ടും. വസ്തുവിൽക്കാനോ ലോൺ എടുക്കാനോ പറ്റാത്ത അവസ്ഥയിലാണ് എല്ലാവരും.
പാലക്കാട് കെഎസ്‌യുവിൻ്റെ ഒരു സജീവ പ്രവർത്തകന്റെ കണ്ണടിച്ചു പൊട്ടിച്ചു. അവിടെ ബിജെപിക്കാരാണ് അക്രമം നടത്തിയത് എന്നാണ് അറിയാൻ കഴിയുന്നത്… അത് ശരിയായ നടപടിയല്ല. പോലീസ് ശക്തമായ നടപടി ഇക്കാര്യത്തിൽ എടുക്കേണ്ടിയിരിക്കുന്നു.
ഞങ്ങളുടെ പ്രവർത്തകർക്കെതിരെ പല സ്ഥലത്തും സിപിഎമ്മും ബിജെപിയും അക്രമങ്ങൾ അഴിച്ചുവിടുന്നുണ്ട്. അവരുടെ പരാജയബോധം മൂലമാണ്.
തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ വിജയം ഉറപ്പാണ്. യുഡിഎഫിന് അനുകൂലമായി കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നു എന്നുള്ളതുകൊണ്ടാണ് പല സ്ഥലത്തും സിപിഎമ്മും ബിജെപിയും അക്രമം ഞങ്ങളുടെ പ്രവർത്തകർക്കെതിരെ അഴിച്ചുവിടുന്നത്.