സംസ്ഥാനത്ത് ഇടത് വിരുദ്ധ, യുഡിഎഫ് അനൂകൂല വികാരം : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ഇടത് വിരുദ്ധ, യുഡിഎഫ് അനൂകൂല വികാരം.

കൂട്ടായ നേതൃത്വം വിജയത്തിലേക്ക് നയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള യുഡിഎഫിന്റെ വന്‍ വിജയം കേരള ജനതയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കളും അണികളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കൂട്ടായ നേതൃത്വത്തിന്റെ വിജയമാണിത്. ഈ വിജയം ഏകാധിപത്യത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ, അഴിമതിക്കെതിരെ, കെടുകാര്യസ്ഥതയ്‌ക്കെതിരെ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്. ശബരിമല അയ്യപ്പന്റെ ശ്രീകോവിലില്‍ നിന്നു പോലും സ്വര്‍ണം മോഷ്ടിച്ച ഭരണവര്‍ഗത്തിനെതിരെ പൊറുതി മുട്ടിയ ജനങ്ങള്‍ നല്‍കിയ മറുപടിയാണ്.

ഈ വിജയം അഭിമാനത്തോടെ വിനയത്തോടെ ഏറ്റുവാങ്ങുന്നു എന്നും ജനങ്ങളുടെ ഈ മാന്‍ഡേറ്റ് തങ്ങളെ കൂടുതല്‍ എളിമയുള്ളവരാക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്താകമാനം കനത്ത ഭരണവിരുദ്ധവികാരം ശക്തമാണ്. യു.ഡിഎഫ് തരംഗം ശക്തമാണ്. വമ്പിച്ച ജനമുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളും പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ പക്കലിരുന്ന മൂന്നെണ്ണമടക്കം നാല് കോര്‍പറേഷനുകള്‍ പിടിച്ചെടുത്തു. ദശാബ്ദങ്ങളായി എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന കോഴിക്കോട് കോര്‍പറേഷനില്‍ വിജയസമാനമായ ചരിത്രമുന്നേറ്റം നടത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ സീറ്റുകള്‍ ഇരട്ടിയാക്കി. മുന്‍സിപ്പിലിറ്റികള്‍, ജില്ലാ പഞ്ചായത്തുകള്‍, ബ്‌ളോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമുന്നേറ്റം നടത്തി സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചു. ഇത് ജനങ്ങളുടെ വിജയമാണ്.

തനിക്ക് ചുമതലയുണ്ടായിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ 50 വര്‍ഷമായി മൃഗീയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഭരിക്കുകയായിരുന്നു. ഓരോ തവണയും സിപിഎം ഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ഭരണം തുടരുന്ന തന്ത്രമാണ് അവര്‍ നടപ്പാക്കിയിരുന്നത്. എന്നിട്ടും മേയര്‍ സ്ഥാനാര്‍ഥിയെ അടക്കം തോല്‍പിച്ചുകൊണ്ട് ചരിത്രമുന്നേറ്റമാണ് കോഴിക്കോട് ഉണ്ടായിരിക്കുന്നത്.

നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച് ഒറ്റമനസോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിജയം. ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ഇത് നിങ്ങളുടെ വിജയമാണ്. നാം ഇതേ ഒത്തൊരുമ തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടാനാകും. നമുക്ക് ഈ മികച്ച ചിട്ടയായ പ്രവര്‍ത്തനം തുടരാം – ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നു വന്ന ബിജെപി പ്രീണന നയങ്ങളുടെ തുടര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപിക്കു ചെന്നെത്തിയിരിക്കുന്നത്. ബിജെപിക്ക് ചില മേഖലകളില്‍ കടന്നു കയറാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശദമായി യുഡിഎഫ് വിലയിരുത്തും. ഈ വിജയം ഭാരിച്ച ഉത്തരവാദിത്തമാണ് യുഡിഎഫിന് നല്‍കിയിരിക്കുന്നത്. അത് തങ്ങള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നതായും ചെന്നിത്തല വ്യക്തമാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *