സംസ്ഥാനവും സർക്കാരും അതിജീവിതക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ

കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം. 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു.
30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു. കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. നടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനവും സർക്കാരും ശക്തമായി അതിജീവിതയ്ക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിലിയൻ സംവിധായകൻ പാബ്ലോ ലോറെയ്ൻ മുഖ്യാതിഥിയായി.
‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിനെ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് നൽകി ആദരിച്ചു.
പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമാൻ എന്നിവർക്കും ആദരം നൽകി. പലസ്തീൻ അംബാസിഡറുടെ കൈകൾ ഉയർത്തിപ്പിടിച്ച മന്ത്രി സജി ചെറിയാന്റെ പ്രവൃത്തി പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രകടനമായി.
ചലച്ചിത്ര രംഗത്തെ 50 വർഷത്തെ സംഭാവനയ്ക്ക് പ്രമുഖ സംവിധായകൻ ആർ രാജീവ് നാഥിനെ വേദിയിൽ ആദരിച്ചു. അദ്ദേഹത്തോടുള്ള ആദരമായി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ‘തണൽ’ പുസ്തകം അക്കാദമി മുൻ ചെയർമാൻ ടി കെ രാജീവ് കുമാറിൽ നിന്നും കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ മധു ഏറ്റുവാങ്ങി.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, മുൻ വൈസ് ചെയർമാൻ പ്രേം കുമാർ, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ ഫിലിം ചേമ്പർ പ്രസിഡൻ്റ് അനിൽ തോമസ്, നടി സരയു മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം ആൻ മേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.