കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം
13.12.25
*യുഡിഎഫിന് ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി.
* യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേരളജനത ഗൗരവത്തിലെടുത്തതിനെ തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സ്വര്‍ണക്കൊള്ളയ്ക്കെതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടികള്‍ ജനം ഏറ്റെടുത്തു.
സ്വര്‍ണക്കൊള്ളയില്‍ തുടരന്വേഷണം സര്‍ക്കാര്‍ മരവിപ്പിച്ചു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം ഇതുവരെ വീണ്ടെടുത്തിട്ടില്ല. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം മന്ത്രിമാരുടെ പങ്കു വ്യക്തമാണെങ്കിലും അവരിലേക്ക് അന്വേഷണം കടന്നില്ല. പ്രതികളെ ഇപ്പോഴും മുഖ്യമന്ത്രിയും സിപിഎമ്മും സംരക്ഷിക്കുകയാണ്. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയെടുക്കാന്‍ പോലും സിപിഎം തയ്യാറായിട്ടില്ല. നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെടുത്തില്ല. ഇതിന്റെയെല്ലാം പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടായി.
ബിജെപിയുടെയും സിപിഎമ്മിന്റെയും കൈവശമുണ്ടായിരുന്ന തദ്ദേശസ്ഥാപനങ്ങളിലാണ് യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയത്. കഴിഞ്ഞതവണ എല്‍ഡിഎഫിന് 200 ലേറെ പഞ്ചായത്തില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു. 60ലേറെ ബ്ലോക്ക് പഞ്ചായത്തുകളിലും കണ്ണൂര്‍ ഒഴികെ എല്ലാ കോര്‍പ്പറേഷനിലും എല്‍ഡിഎഫിനായിരുന്നു മേല്‍കൈ. മൂന്ന് ജില്ല പഞ്ചായത്ത് മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം നേടി.
സര്‍ക്കാരിനെതിരേ വ്യക്തമായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്ന ഭരണവിരുദ്ധ വികാരം തുടരുന്നു. ധാര്‍ഷ്ട്യം,ധൂര്‍ത്ത്,അഴിമതി ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎം സമീപനം എന്നിവ തിരുത്താന്‍ മടിക്കുന്ന ഇടതു സര്‍ക്കാരിനുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

നിയമസഭയില്‍ പോലും ചര്‍ച്ച നടത്താതെ പഞ്ചായത്ത് നിയമത്തില്‍ ഭേദഗതി വരുത്തി അശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടത്തി. വോട്ടര്‍പട്ടികയിലും വ്യാപകമായ ക്രമക്കേട് നടത്തി. തിരുവനന്തപുരത്ത് മുട്ടടയിലെ സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ പേര് വെട്ടിമാറ്റിയതിനെ തുടര്‍ന്ന് നിയമപോരാട്ടത്തിലൂടെയാണ് അത് പുനസ്ഥാപിച്ചത്. വോട്ടെടുപ്പ് ദിവസവും തുടര്‍ന്നും കണ്ണൂര്‍ ജില്ലയിലും മറ്റു ജില്ലകളിലും സിപിഎം നടത്തിയ അക്രമത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും ഗുരുതര പരിക്കേറ്റു. ഇരട്ടവോട്ട്, കള്ളവോട്ട്, അശാസ്ത്രീയ വാര്‍ഡ് വിഭജനം എന്നിവയെല്ലാം അതിജീവിച്ചാണ് യുഡിഎഫ് ചരിത്ര വിജയം നേടിയത്.
ജനദ്രോഹ ഭരണത്തിനെതിരായ ജനവിധിയാണിത്. ശബരിമല സ്വര്‍ണ്ണക്കൊള്ള, രൂക്ഷമായ തൊഴിലില്ലായ്മ,വിലക്കയറ്റം, തൊഴിലാളി സമരങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണന, സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ കാലതാമസം, കാര്‍ഷിക മേഖയുടെ തകര്‍ച്ച, തീരദേശ മേഖലയിലെ വറുതി, വന്യമൃഗശല്യം എന്നിവയെല്ലാം യുഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ ശക്തമായി അവതരിപ്പിച്ചു.
സാമ്പത്തിക പരിമിതികള്‍ക്കിടയിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായത്. കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫ് ഘടകകക്ഷികളും കൂട്ടായ പരിശ്രമമാണ് നടത്തിയത്. മിഷന്‍ 2025 ഭാഗമായുള്ള ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി ജില്ലകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. വാര്‍ഡ് ശാക്തീകരണം നടപ്പാക്കി. യുഡിഎഫിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഈ വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെപിസിസി ഭാരവാഹികള്‍ക്ക് മധുരം വിതരണം ചെയ്തു. മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ഭാരവാഹികളായ നെയ്യാറ്റിന്‍കര സനല്‍,ശരത്ചന്ദ്ര പ്രസാദ്,പാലോട് രവി, എംവിന്‍സന്റ് എംഎല്‍എ, ചെറിയാന്‍ ഫിലിപ്പ് ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ തുടങ്ങിയ നേതാക്കളും വിജയാഘോഷത്തില്‍ പങ്കെടുത്തു.