
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ മുഴുവൻ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം എം മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ
സർക്കാരിൽ നിന്നും പെൻഷനും ആനുകൂല്യ ങ്ങളും കൈപ്പറ്റിയവർ എൽഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന എം എം മണിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും സർക്കാരിൻ്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിൻ്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്. ഇത്തരം സിപിഎം നേതാക്കൾ ജനവിധിയെ മാനിക്കുന്നവരോ, അതിൽ നിന്ന് പാഠം പഠിക്കുന്നവരോയല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് എം എം മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.