കൊച്ചി : പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 30-ാം വാർഷിക സാമ്പത്തിക വളർച്ച പഠന റിപ്പോർട്ട് പുറത്തിറക്കി. കമ്പനിയുടെ ചെയർമാൻ രാംദിയോ അഗർവാളിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കാലഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന് വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ നിക്ഷേപകർക്കും വ്യാപാരസ്ഥാപനങ്ങൾക്കും വളരാനുള്ള അനുകൂല സാഹചര്യം രൂപപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വിപണിയുടെ കഴിഞ്ഞ മുപ്പത് വർഷത്തെ പ്രകടനത്തെ ആധാരമാക്കിയാണ് ഇത്തരമൊരു അനുമാനത്തിലേക്ക് എത്തുന്നത്.
2020–2025 കാലയളവിലാണ് കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിക്കപ്പെട്ടത്. ഈ കാലയളവിൽ ഇന്ത്യയിലെ പ്രമുഖ 100 കമ്പനികൾ ചേർന്ന് 14.8 ലക്ഷം കോടി രൂപ നേടി. കോവിഡിന് ശേഷമുള്ള സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കമ്പനികൾ ശക്തമായ തിരിച്ചുവരവ് നടത്തി. ശക്തമായ ബിസിനസ് പ്രകടനവും റേറ്റിംഗ് മെച്ചപ്പെടലും ബാങ്കിങ്, ടെലികോം സ്ഥാപനങ്ങളുടെ മൂല്യം ഉയർത്തി. ഇന്ത്യയുടെ ജിഡിപി 17 വർഷത്തിനകം 4 ലക്ഷം കോടി ഡോളറിൽ നിന്നും 16 ലക്ഷം കോടി ഡോളറിലേക്കെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഈ വളർച്ചയുടെ കാലഘട്ടം നിക്ഷേപകർക്ക് വമ്പൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് രാംദിയോ അഗർവാൾ അഭിപ്രായപ്പെട്ടു. സ്ഥിരതയോടെ വളർച്ച കൈവരിക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Anu Maria Thomas