നായയുടെ ആക്രമണം: പ്രഭാതസവാരിക്ക് ഇറങ്ങിയയാൾ മരിച്ചു; സ്ത്രീക്കും കുട്ടിക്കും പരിക്ക്

Spread the love

ഹാരിസ് കൗണ്ടി, ടെക്സസ് : കാറ്റിയിലെ മേസൺ ക്രീക്ക് ഹൈക്ക് ആൻഡ് ബൈക്ക് ട്രയലിൽ വെച്ച് മൂന്ന് നായകളുടെ ആക്രമണത്തിൽ 60 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സ്ത്രീക്കും ചെറിയ കുഞ്ഞിനും പരിക്കേൽക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പതിവായി ഈ വഴിയിലൂടെ പ്രഭാതസവാരിക്ക് പോകുന്നയാളാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം തിരികെ വരാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചെത്തുകയായിരുന്നു.

നായകൾ വളരെ അക്രമാസക്തരായിരുന്നെന്നും ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നുവെന്നും ഹാരിസ് കൗണ്ടി ഷെരീഫ്സ് ഓഫീസിലെ സെർജന്റ് ജേസൺ ബ്രൗൺ അറിയിച്ചു. ആക്രമണം കണ്ട നാട്ടുകാർ ഓടിച്ചതിനെ തുടർന്നാണ് നായകൾ പിന്മാറിയത്.

ആക്രമണത്തിന് ശേഷം നായകൾ സമീപത്തെ തെരുവിലെത്തി 20-നും 30-നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയെയും അവരുടെ 3 വയസ്സുള്ള മകളെയും ആക്രമിച്ചു. സ്ത്രീക്ക് കടിയേറ്റെങ്കിലും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റില്ല. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമകാരികളായ മൂന്ന് നായകളെയും സമീപ പ്രദേശങ്ങളിൽ നിന്ന് അധികൃതർ കണ്ടെത്തി. ഒരാളെ മയക്കുവെടി വെച്ചാണ് പിടികൂടിയത്.

നായകൾ എങ്ങനെ പുറത്തെത്തി എന്നതിനെക്കുറിച്ച് ഉടമകളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു. നായകളുടെ പൂർവ്വ ചരിത്രം പരിശോധിച്ചുവരികയാണ്. ഉടമകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നായകളെ 10 ദിവസത്തേക്ക് നിരീക്ഷണത്തിൽ വെച്ച ശേഷം കോടതിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *