മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണമോ ? : ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

Spread the love

മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണമെന്ന് എന്റെ വല്യപ്പച്ചൻ പഠിപ്പിച്ചിരുന്നത് ഞാൻ ഇന്നും അനുവർത്തിക്കുന്നുണ്ട്. എന്നാൽ
മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണമോ എന്നതിന്റെ ക്രിസ്ത്യൻ ചിന്താഗതി ഇന്നും നമ്മുടെയിടയിൽ ചർച്ചാവിഷയമാകാറുണ്ട്.
ക്രിസ്തുമതപ്രകാരം, ഒരു ശവസംസ്കാരത്തിന് പോയി വന്ന ശേഷം കുളിക്കേണ്ട ആവശ്യമില്ല, എന്നാണ് ഇപ്പോൾ ഞാൻ മനസിലാക്കുന്നത്. അതിനെക്കുറിച്ച് മതപരമായ നിയമമോ നിയന്ത്രണമോ ഇല്ല. മറ്റ് ചില മതങ്ങൾക്ക് ആചാരപരമായ ശുദ്ധീകരണ ആവശ്യകതകൾ ഉണ്ടെങ്കിലും, ക്രിസ്തുമതം ആചാരപരമായ ശുദ്ധീകരണത്തേക്കാൾ ആത്മീയ വിശുദ്ധിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിസ്ഥാന ശുചിത്വം ഇപ്പോഴും പ്രധാനമാണ്, ചില ആളുകൾ ഒരു ശവസംസ്കാരത്തിന് ശേഷം വ്യക്തിപരമായ ആശ്വാസത്തിനായി കുളിക്കാൻ തീരുമാനിച്ചേക്കാം.

എന്നാല് മതപരമായി, ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ആചാരപരമായ ശുദ്ധീകരണം ക്രിസ്തുമതം ആവശ്യപ്പെടുന്നില്ല. മൃതദേഹസംസ്കരണത്തിനു ശേഷം ആചാരപരമായ ശുദ്ധിയിലല്ല, മറിച്ച് ഹൃദയത്തിനും ജീവിതത്തിനുമാണ് ഊന്നൽ നൽകുന്നത്.

എന്നാൽ മരണവീട്ടിൽപോയാൽ, തിരിച്ചു വീടിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പ് , തത്സമയം ഉപയോഗിച്ച വസ്ത്രമുൾപ്പെടെ കഴുകി കുളിക്കണമെന്ന് ഹിന്ദു സമൂഹം പൊതുവെ നിഷ്കർഷിക്കുന്നു.

ഇത് ശവ ശരീരവുമായി മാത്രം ബന്ധപ്പെട്ട ഒരു സംഗതിയല്ല. ഒരുപാട് കാരണങ്ങൾ ഇതിന് പിന്നിൽ ഉണ്ട്. പല സംസ്കാരങ്ങളിലും ശവ സംസ്കാരത്തിന് പങ്കെടുത്ത് തിരികെ വരുമ്പോൾ സ്വയം ശുദ്ധിയാവുന്നതിന് ഊന്നൽ കൊടുക്കുന്നുണ്ട്. എല്ലാ ശവങ്ങളും രോഗ കാരണങ്ങളോ രോഗാണുക്കളെ വഹിക്കുന്നവയോ അല്ല. ശവം സ്വാഭാവികമായി വിഘടിതമാകാൻ ( de composition) കാരണമാകുന്ന സൂക്ഷ്മ ജീവികൾ സ്വയം രോഗകാരണങ്ങളല്ല. കാരണം ഈ ജീവികൾ ഈ ശവത്തിൽ മാത്രമല്ല അവിടെ കൂടിയിരിക്കുന്ന എല്ലാ മനുഷ്യരുടെ ശരീരത്തിലും സ്വഭാവികമായി വസിക്കുന്നവയാണ്. അതെ സമയം നാം കാണാൻ പോകുന്ന ശവം ഏതെങ്കിലും സാംക്രമിക രോഗം ബാധിച്ചു മരിച്ച വ്യക്തിയുടേത് ആണെങ്കിൽ, ഈ രോഗാണുക്കളുടെ സാന്നിധ്യം ഈ ശരീരത്തിൽ ഉണ്ടാവും. അവ ശവത്തോട് അടുത്ത് പെരുമാറുന്ന ആളുകളിലേക്കും അവരിൽ നിന്ന് മറ്റുള്ളവരിലേക്കും പകരാൻ സാധ്യത കൂടുതലാണ്. പണ്ട് കാലത്ത് കോളറ, പ്ലേഗ് പോലുള്ള രോഗങ്ങൾ ബാധിച്ച് മരിക്കുന്ന പശ്ചാത്തലത്തിൽ വിശേഷിച്ചും ശവസംസ്കാരത്തിൽ പങ്കെടുക്കാൻ പോലും അന്നത്തെ ആൾക്കാർക്ക് ഭയമായിരുന്നു.

മറ്റൊന്ന് മരണ വീട്ടിൽ കൂടുന്ന ആളുകളാണ്. അവരിൽ പലരും സാംക്രമിക രോഗങ്ങൾ വഹിക്കുന്നവരാകാം. ഒരുപാട് മനുഷ്യർ കൂടുന്ന സ്ഥലങ്ങളിൽ ഇത്തരം സാംക്രമിക രോഗങ്ങളുടെ കൈമാറ്റം കൂടുതൽ സാധ്യത ഉള്ളതാണ്. ഇത് മരണ വീട്ടിൽ മാത്രമല്ല കല്യാണ വീട്ടിലും ഒരുപോലെ ബാധകമാണ്.

മറ്റൊരു കാരണം മരണം എപ്പോഴും ദുഃഖവും വേർപാടും ഒക്കെയായി ബന്ധിതമായ ചിന്തകളെ ഉണർത്തുന്ന ഒരു പ്രതിഭാസമാണ്. അങ്ങിനെ ഒരു സ്ഥലത്ത് നിന്ന് തിരികെ എത്തിയ ആൾക്ക് അയാളുടെ മനസ്സിനെ ഈ വിചാര ശൃംഖല യിൽ നിന്ന് മോചിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പ്രവൃത്തി കുളിക്കുക, വൃത്തിയാക്കുക എന്നിവയാണ്. ഇതൊക്കെ ചിന്തിക്കുമ്പോൾ, ഒരു നല്ല കുളി ശാരീരികവും മാനസികവുമായ ഉന്മേഷം പ്രദാനം ചെയ്യും. എല്ലാവർക്കും ഇതൊക്കെ സൂക്ഷ്മമായി മനസ്സിലാക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് പണ്ടത്തെ മനുഷ്യർ, മരിച്ചവരുടെ ആത്മാവ് നമ്മളിൽ കുടിയേറും എന്ന രീതിയിലുള്ള പേടിപ്പിക്കുന്ന കള്ളക്കഥകൾ പ്രചരിപ്പിച്ചു എന്ന് മാത്രം.

Author

Leave a Reply

Your email address will not be published. Required fields are marked *