വിഴിഞ്ഞം തുരങ്കപാത നിര്‍മ്മിക്കേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്ത്: കെപിസിസി വൈസ് പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ്

Spread the love

വിഴിഞ്ഞം തുരങ്കപാത നിര്‍മ്മിക്കേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്താകണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ്. വിഴിഞ്ഞം പ്രദേശവാസികളുടെ ജന്മാവകാശങ്ങളേയും, ഉപജീവന മാര്‍ഗ്ഗങ്ങളേയും ബാധിക്കുന്ന കോട്ടപ്പുറത്തെ ഒന്നരകിലോമീറ്റര്‍ റെയില്‍വെ ഉപരിതലപാത ആദ്യ അലൈന്‍മെന്റ് അനുസരിച്ച് വയല്‍വഴിയാക്കണമെന്നും ശരത്ചന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു.

ബാലരാമപുരം മുതല്‍ മുക്കോല വരെ തുരങ്കപാതയും അതിനുശേഷം കോട്ടപ്പുറം ജനങ്ങളേയും ആരാധനാലയങ്ങളേയും സ്‌കൂളുകളേയും 300 ഓളം വീടുകളേയും ബാധിക്കുന്ന വിധമാണ് നിലവിലെ റെയില്‍പാത നിശ്ചയിച്ചിരിക്കുന്നത്. അതില്‍ മാറ്റം വരുത്തണം. അതോടൊപ്പം തുറമുഖം യാഥാര്‍ത്ഥ്യമാക്കുവാന്‍ 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദാനിയും ചേര്‍ന്നുണ്ടാക്കിയ തദ്ദേശിയരുടെ 50% തൊഴില്‍ സംവരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. അവരെ അവഗണിച്ചുകൊണ്ട് ഒരിക്കലും രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും മുന്നോട്ട് പോകാനാകില്ല. ഭരണവും വികസനവും ജനങ്ങള്‍ക്കു വേണ്ടിയാണ് അല്ലാതെ അവരെ ദ്രോഹിക്കാനും, സ്വന്തം മണ്ണില്‍ നിന്നും ബലമായി ആട്ടിയോടിക്കാനുമല്ല. ഇനിയെങ്കിലും ഈ പദ്ധതി സ്വാഗതം ചെയ്ത് അതിന് കളമൊരുക്കി തന്ന നാട്ടുകാരെ വഞ്ചിക്കാതെ അവരെ ചേര്‍ത്തു പിടിച്ച് വികസനത്തിന്റെ ഭാഗമാക്കുക. ഇനിയും പതിറ്റാണ്ടുകള്‍ മുന്നോട്ട് പോകേണ്ട വിഴിഞ്ഞം തുറമുഖ സ്വപ്നം ജനപിന്തുണയില്ലാതെ ഒരിക്കലും സാക്ഷാത്കരിക്കാനാകില്ല എന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *