ദേശീയ തൊഴിലുറപ്പില്‍ കേരളത്തിന് 10 ലക്ഷം തൊഴില്‍നഷ്ടപ്പെടും: പവന്‍ ഖേര

Spread the love

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബിജി റാം ജി പദ്ധതിമൂലം കേരളത്തിനു മാത്രം 10 ലക്ഷം തൊഴില്‍ നഷ്ടമാകുമെന്ന് എഐസിസി മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര. ഓരോ സംസ്ഥാനത്തും നഷ്ടപ്പെടുന്ന തൊഴിലുകളുടെ വിശദാംശങ്ങള്‍ എഐസിസി ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം ഇന്ദിരാഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച ഭാവി സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ഡിസം 27ന് പ്രവര്‍ത്തക സമിതി ചേരും.ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ മോഡി സര്‍ക്കാര്‍ കൊലപ്പെടുത്തി. മഹാത്മാഗാന്ധിയുടെ തത്ത്വചിന്തയെ തകര്‍ക്കാനും ഏറ്റവും ദരിദ്രരായ ഇന്ത്യക്കാരുടെ തൊഴില്‍ അവകാശങ്ങള്‍ തട്ടിയെടുക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഗ്രാമസ്വരാജ്, തൊഴില്‍ മാന്യത, വികേന്ദ്രീകൃത വികസനം എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ദര്‍ശനത്തിന്റെ ജീവനുള്ള രൂപമാണ് ഈ പദ്ധതി. എന്നാല്‍ ഈ സര്‍ക്കാര്‍ ഗാന്ധിജിയുടെ പേര് പേര് നീക്കം ചെയ്യുക മാത്രമല്ല, 12 കോടി തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷ്‌കരുണം ചവിട്ടിമെതിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടുകളായി, കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ജീവനാഡിയാണ്. കോവിഡ് സമയത്ത് ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയതും ഈ പദ്ധതിയാണ്.

2014 മുതല്‍ പ്രധാനമന്ത്രി മോദി തൊഴിലുറപ്പ് പദ്ധതിയോട് കടുത്ത ശത്രുത പുലര്‍ത്തുന്നു. ബജറ്റ് വെട്ടിക്കുറയ്ക്കല്‍, ഫണ്ട് തടഞ്ഞുവയ്ക്കല്‍, തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കല്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് നിബന്ധനകള്‍ തുടങ്ങിയവ മൂലം ഏഴ് കോടി തൊഴിലാളികളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കി. പ്രതിവര്‍ഷം നൂറിനു പകരം കഷ്ടിച്ച് 50- 55 ദിവസത്തെ ജോലി മാത്രം നല്കുന്നതിലേക്ക് പദ്ധതി ചുരുക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള തൊഴില്‍ അവകാശം ഇപ്പോള്‍ ഉറപ്പ് മാത്രമായി. ഗ്രാമീണ ദരിദ്രരോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ ലംഘനമാണിത്. പൂര്‍ണ്ണമായും കേന്ദ്രീകൃത ധനസഹായത്തോടെയായിരുന്നു. പദ്ധതി ഇപ്പോള്‍ സംസ്ഥാനങ്ങളുടെ മേല്‍ ഏകദേശം 50,000 കോടി രൂപയുടെ ബാധ്യത അടിച്ചേല്പിക്കുന്നു. കേരളത്തിനു മാത്രം 2000 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. പുതിയ സംവിധാനം എല്ലാ വര്‍ഷവും നിശ്ചിത കാലയളവിലേക്ക് നിര്‍ബന്ധിത തൊഴില്‍ അടച്ചുപൂട്ടല്‍ സാധ്യമാക്കുന്നു. ഫണ്ടുകള്‍ തീര്‍ന്നുകഴിഞ്ഞാലും വിളവെടുപ്പ് സമയത്തുമൊക്കെ തൊഴിലാളികള്‍ക്ക് മാസങ്ങളോളം തൊഴില്‍ നിഷേധിക്കാം.

മോഡി ഗവണ്‍മെന്റ് വികേന്ദ്രീകരണവും തകര്‍ത്തു. ഗ്രാമസഭകളും പഞ്ചായത്തുകളും ഒരിക്കല്‍ പ്രയോഗിച്ച അധികാരങ്ങള്‍ തട്ടിയെടുത്ത് കേന്ദ്രത്തിന്റെ വിവിധ ഏജന്‍സികള്‍ക്ക് കൈമാറുന്നു. ആവശ്യകതയെ അടിസ്ഥാനമാക്കി തൊഴില്‍ നല്കുന്നതിനു പകരം കേന്ദ്രീകൃതമായി നിര്‍ണ്ണയിക്കപ്പെട്ട ഒരു വിഹിത വിതരണ സംവിധാനമാക്കി മാറ്റുന്നു. ഇത് കേന്ദ്രത്തിന് ഏകപക്ഷീയമായി ഫണ്ടുകള്‍ പരിമിതപ്പെടുത്താന്‍ അനുവദിക്കുന്നു. ഈ നീക്കം മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ അപമാനിക്കലും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കെതിരായ തുറന്ന യുദ്ധപ്രഖ്യാപനവുമാണ്. ഇന്ത്യയിലെ യുവാക്കളെ റെക്കോര്‍ഡ് തൊഴിലില്ലായ്മ കൊണ്ട് തകര്‍ത്തതിന് ശേഷം, മോദി സര്‍ക്കാര്‍ ഇപ്പോള്‍ ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *