ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച ‘സഭാ ദിനമായി’ ആചരിച്ചു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ 170-ാം നമ്പർ സർക്കുലർ പ്രകാരമാണ് നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിലെ ഇടവകകളിൽ ക്രമീകരണങ്ങൾ നടത്തിയത്.
ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായെ സ്മരിക്കുന്നതിനും സഭയുടെ വിവിധ ശുശ്രൂഷകൾക്കായി പ്രാർത്ഥിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.
“സഭ: ക്രിസ്തുവിന്റെ മാർഗ്ഗം” എന്നതായിരുന്നു ഈ വർഷത്തെ സഭാ ദിന പ്രമേയം.
എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. അയൽ ഇടവകകളുമായി ചേർന്ന് സംയുക്ത ആരാധനകളും ധ്യാനയോഗങ്ങളും ഈ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ടു.
സഭാ ദിനത്തിലെ ആരാധനയിൽ ലഭിച്ച സ്തോത്രകാഴ്ചകൾ സഭയുടെ ‘സെന്റ് തോമസ് എപ്പിസ്കോപ്പൽ ഫണ്ടിലേക്ക്’ മാറ്റിവെച്ചു.
ക്രിസ്തുവിന്റെയും ക്രൂശിന്റെയും വഴിയിൽ സഞ്ചരിക്കുന്ന ഉന്മേഷദായകമായ ഒരു സഭയായി വളരാൻ ഈ ദിനാചരണം വിശ്വാസികളെ ആഹ്വാനം ചെയ്തു. ദൗത്യമേഖലകളിൽ പുതുവീക്ഷണത്തോടെ വിശ്വസ്തരായ കാര്യവിചാരകരായി സേവനം ചെയ്യാൻ പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ സഭാ ദിനാചരണം സമാപിച്ചു.