യു.ഡി.എഫ് ഏകോപന സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് മുന്നണി നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് കളമശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം
ഉഭയകകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യു.ഡി.എഫ് ഘടകകക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും; യു.ഡി.എഫ് മാനിഫെസ്റ്റോ ജനകീയവത്ക്കരിക്കാന്‍ ഫെബ്രുവരി ആദ്യവാരം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ; പതിറ്റാണ്ടുകളായി ഇടത് സഹയാത്രികരായിരുന്നവര്‍ യു.ഡി.എഫിന്റെ പൊളിറ്റിക്കല്‍ ഫ്‌ളാറ്റ്‌ഫോമിനൊപ്പം ചേരും; തദ്ദേശ തിരഞ്ഞെടുപ്പിനേക്കള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വെറുപ്പും വിരോധവും അതിശക്തമായി പ്രതിഫലിക്കും.
കളമശേരി : തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ ഉജ്ജ്വല വിജയം യു.ഡി.എഫിന് നല്‍കിയ കേരളത്തിലെ വോട്ടര്‍മാരോട് യു.ഡി.എഫ് ഏകോപനസമിതി നന്ദി രേഖപ്പെടുത്തി. കേരളത്തെ രക്ഷിക്കാനുള്ള പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിനൊപ്പം യു.ഡി.എഫും ഘടകകക്ഷികളും നടത്തിയ സംഘടനാപരമായ മുന്നൊരുക്കങ്ങളും തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ കൊള്ളക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ഇപ്പോഴും തുടരുകയാണ്. എസ്.ഐ.ടിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നതെന്ന യു.ഡി.എഫിന്റെ ആരോപണം ഹൈക്കോടതിയും ശരിവച്ചിരിക്കുകയാണ്. സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദികളായ മുഴുവന്‍ സി.പി.എം നേതാക്കളെയും എസ്.ഐ.ടി ചോദ്യം ചെയ്യുമെന്നും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നുമുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ്.
പി.വി അന്‍വന്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്‍ നയിക്കുന്ന കേരള കാമരാജ് കോണ്‍ഗ്രസ് എന്നീകക്ഷികളെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചു. സി.കെ ജാനുവിന്റെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെയും പാര്‍ട്ടികള്‍ നിലവില്‍ എന്‍.ഡി.എ ഘടകകക്ഷികളാണ്. ഈ കക്ഷികള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യു.ഡി.എഫ് ചര്‍ച്ച ചെയ്താണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചത്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉഭയകകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കണം. ഫെബ്രുവരി ആദ്യവാരം മുതല്‍ യു.ഡി.എഫ് നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്താനും യു.ഡി.എഫ് ഏകോപന സമിതി തീരുമാനിച്ചു. പ്രദേശിക സര്‍ക്കാരുകള്‍ ഉണ്ടാക്കുന്നതില്‍ സി.പി.എമ്മുമായോ ബി.ജെ.പിയുമായോ ഒരു ഉടമ്പടിയും പാടില്ലെന്ന കര്‍ശ നിര്‍ദ്ദേശം കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നിരുപാധികമായാണ് മൂന്ന് കക്ഷികളും യു.ഡി.എഫില്‍ ചേരാനുള്ള ആഗ്രഹം രേഖാമൂലം അറിയിച്ചത്. മറ്റൊരു പാര്‍ട്ടികളുമായും യു.ഡി.എഫ് ഇപ്പോള്‍ ചര്‍ച്ച നടത്തുന്നില്ല.
തോല്‍വിയില്‍ പാഠം പഠിക്കാതെ അസഹിഷ്ണുതയോടെയാണ് സി.പി.എം പെരുമാറുന്നത്. ധര്‍മ്മടത്തും പയ്യന്നൂരും പാനൂരും പെരിന്തല്‍മണ്ണയിലും തോല്‍വിയെ തുടര്‍ന്ന് സി.പി.എം അക്രമം അഴിച്ചു വിടുകയാണ്. ആയുധം താഴെ വയ്ക്കണമെന്നാണ് സി.പി.എം ക്രിമിനലുകളോട് യു.ഡി.എഫിന് പറയാനുള്ളത്. അവരോട് ആയുധം താഴെ വയ്ക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും അവരോട് പറയണം. കര്‍ശനമായ നിയമനടപടികള്‍ അക്രമികള്‍ക്കെതിരെ സ്വീകരിക്കണം. ബേംബും കൈവാളും കരിങ്കല്ലുമായാണ് സി.പി.എം തോല്‍വി മറികടക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അത് ഇതിനേക്കള്‍ വലിയ തോല്‍വിയിലേക്ക് സി.പി.എമ്മിനെ കൊണ്ടുപോകും. കേരളം അക്രമരാഷ്ട്രീയം തിരിച്ചറിയും. നാലേമുക്കാല്‍ കൊല്ലക്കാലം ജനക്ഷേമ പരിപാടികളെ കുറിച്ച് വിസ്മരിച്ച സര്‍ക്കാര്‍ അവസാന സമയം ജനങ്ങളെ കബളിപ്പിക്കാനുള്ള പല പദ്ധതികളുമായും മുന്നോട്ട് വരുന്നുണ്ട്. അതിനു വേണ്ടി സഹകരണ സംഘങ്ങളില്‍ നിന്നും പതിനായിരം കോടി രൂപയുടെ വായ്പ എടുക്കാനാണ് ശ്രമിക്കുന്നത്. കേരളത്തന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണമേഖയില്‍ സര്‍ക്കാരിന്റെ തെറ്റായ നയം മൂലവും കൊള്ള മൂലവും പല സംഘങ്ങളും പ്രതിസന്ധി നേരിടുകയാണ്. പല സംഘങ്ങളിലും തുക പിന്‍വലിക്കല്‍ മാത്രമാണ് നടക്കുന്നത്. ഇതിനിടയില്‍ 10000 കോടി രൂപ ബലമായി പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സംഘങ്ങളെ തകര്‍ക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്യും.
കേരളത്തിന്റെ വികസനത്തിനും സമഗ്ര മാറ്റത്തിനും ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റുന്നതിനുമുള്ള നിരവധി പരിപാടികള്‍ ചരിത്രത്തില്‍ ഇന്നുവരെ ഒരു മുന്നണിയും പ്രഖ്യാപിച്ചിട്ടാല്ലാത്ത തരത്തില്‍ യു.ഡി.എഫ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തും. അതിനു വേണ്ടി എല്ലാ മേഖലകളിലും ഗവേഷണ തുല്യമായ പഠനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. പാരമ്പര്യമായുള്ള മാനിഫെറ്റോകളില്‍ നിന്നും വ്യത്യസ്തമായ പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ മാനിഫെസ്റ്റോയിലുണ്ടാകും. അതിനെ ജകീയവത്ക്കരിക്കുന്ന തരത്തിലുള്ളതായിരിക്കും യു.ഡി.എഫ് നയിക്കുന്ന ജാഥ. രാഷ്ട്രീയ പ്രചരണത്തില്‍ ഉപരി കേരളത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതായിരിക്കും യു.ഡി.എഫ് ജാഥ. വാര്‍ഡുകളില്‍ നിന്നും ബൂത്തുകളിലേക്ക് മടങ്ങുകയാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള സംഘടനാകാര്യങ്ങള്‍ യു.ഡി.എഫും ഘടകകക്ഷികളും ഒന്നിച്ച് ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പ് വരെയുള്ള മുഴുവന്‍ ഷെഡ്യൂളും യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമനിച്ചു. ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മിഷന്‍ 63 അല്ല, ചോര്‍ത്തിക്കൊടുത്തവര്‍ തെറ്റിച്ച് പറഞ്ഞതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടെ മുന്‍കൂട്ടി നിശ്ചയിച്ചു. പഴയ രീതിയൊക്കെ മാറി. തദ്ദേശ തിരഞ്ഞെടുപ്പ് വന്നതോടെയാണ് വാര്‍ഡുകളിലേക്ക് മടങ്ങിയത്. ഇനി യു.ഡി.എഫ് വീണ്ടും ബൂത്തുകളിലേക്ക് മടങ്ങുകയാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. എല്ലാ വാതിലുകളും അടച്ചെന്നല്ല അതിന്റെ അര്‍ത്ഥം. യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കും. ഇപ്പോള്‍ കാണുന്ന യു.ഡി.എഫായിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പ് നേരിടുന്ന യു.ഡി.എഫ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നേക്കാം. അതിനൊപ്പം പൊളിറ്റിക്കല്‍ ഫ്‌ളാറ്റ്‌ഫോമായി യു.ഡി.എഫ് മാറുകയാണ്. അതില്‍ ഒപ്പീനിയന്‍ മേക്കേഴ്‌സ് ഉണ്ടാകും ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഉണ്ടാകും ഇടതുപക്ഷ സഹയാത്രികരായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നവരും ഉണ്ടാകും. അവര്‍ ഇടത് പക്ഷത്തോടെ സലാം പറഞ്ഞ് യു.ഡി.എഫിന്റെ പൊളിറ്റിക്കല്‍ ഫ്‌ളാറ്റ്‌ഫോമിലുണ്ടാകും. സി.പി.എം ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണെന്ന് ഇവര്‍ ഞങ്ങളേക്കാള്‍ മുന്‍പേ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫിനേക്കാള്‍ നന്നായി അവര്‍ സ്വപ്‌നം കണ്ട പദ്ധതികള്‍ നടപ്പാക്കാനുള്ള മുന്നണി യു.ഡി.എഫാണെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്. അവരുമായി മാസങ്ങളായി ആശയവിനിമയം നടക്കുന്നുണ്ട്. മാനിഫെസ്റ്റോ തയാറാക്കിയതിലും പദ്ധതികള്‍ പ്രഖ്യാപിച്ചതിലും അവരുടെ കൂടി പങ്കാളിത്തമുണ്ട്.
മൂന്നാം പിണറായി സര്‍ക്കാര്‍ ഉറപ്പായും വരില്ല. യു.ഡി.എഫിന്റെ വിജയം നൂറ് സീറ്റിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വെറുപ്പും വിരോധവും അതിശക്തമായി പ്രതിഫലിക്കും. അത് കൂടിയാകുമ്പോള്‍ യു.ഡി.എഫിന്റെ സീറ്റ് നൂറിലേക്ക് അടുക്കും. ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുതയും അക്രമമവും ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും വീണ്ടും തിരിച്ചടിയാകും. തോറ്റെന്ന് ഇതുവരെ അവര്‍ മനസിലാക്കിയിട്ടില്ല. തോറ്റിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്. ഒരു തിരുത്തലും വരുത്തില്ലെന്നാണ് പറയുന്നത്. തിരുത്തല്‍ വരുത്താതെ ഇങ്ങനെ തന്നെ പോകണമെന്നാണ് ഞങ്ങളും പറയുന്നത്.
പരസ്യമായാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ന്യൂനപക്ഷ പ്രീണനം വിട്ട് ഭൂരിപക്ഷ പ്രീണനം തുടങ്ങിയത്. ഞങ്ങള്‍ക്ക് ഇത് രണ്ടുമില്ല. ആര് വിഭാഗീയതയും വിദ്വേഷവും പകര്‍ത്താന്‍ ശ്രമിച്ചാലും യു.ഡി.എഫ് അതിനെ ചെറുക്കും. തീപ്പൊരി ആളിപ്പടര്‍ത്താതിരിക്കാനുള്ള ശ്രമമാണ് മുമ്പത്തും പള്ളുരുത്തിയിലും യു.ഡി.എഫ് ചെയ്തത്. എന്നാല്‍ മുനമ്പത്തും പള്ളുരുത്തിയിലും വിദ്വേഷം ആളിക്കത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ തീ ഊതിക്കൊടുക്കുകയായിരുന്നു സി.പി.എം. തീ കെടുത്താനാണ് യു.ഡി.എഫ് ശ്രമിച്ചത്. കൃത്യമായ നിലപാടുകളില്‍ ആകാശം ഇടിഞ്ഞു വീണാലും യു.ഡി.എഫ് വെള്ളം ചേര്‍ക്കില്ല.