ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന ദൈവസഭയ്ക്ക് ഒട്ടനവധി നേട്ടങ്ങൾ പറയുവാൻ ഉണ്ടായിരിക്കും. ഒന്ന് നാം ഓർക്കണം ഇന്ത്യയിൽ ഇപ്പോഴും ക്രിസ്ത്യാനികൾ രണ്ട് ശതമാനത്തിൽ താഴെ മാത്രം. 1893ൽ അമേരിക്കയുടെ മണ്ണിൽ സ്വാമി വിവേകാനന്ദൻ ഹിന്ദു മതം ആദ്യമായി അവതരിപ്പിച്ചു. കേവലം ഒരു നൂറ്റാണ്ടു കൊണ്ട് അമേരിക്കയുടെ മണ്ണിൽ അമ്പരചുംബികൾക്ക് തതുല്യമായ ഹൈന്ദവ മന്ദിരങ്ങളും, അമ്പലങ്ങളും സ്ഥാനം പിടിച്ചു. ക്രിസ്ത്യാനികളുടെ പള്ളികൾ പലതും അവർ വിലയ്ക്കെടുത്ത് അമ്പലങ്ങൾ ആക്കി. ദീപാവലിയും, വിഷുവും, അയ്യപ്പ മന്ദിരങ്ങളും, ശബരിമല എഴുന്നള്ളത്തും, പൂജകളും രാജ്യത്ത് വേരുറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ മണ്ണിൽ, നമ്മുടെ കൊച്ചു കേരളത്തിൽ പോലും ക്രിസ്ത്യാനികൾ വേട്ടയാടപ്പെടുമ്പോൾ, അമേരിക്കയുടെ മണ്ണിൽ കൂണുകൾ പോലെ ഹൈന്ദവ ആധിപത്യം മുളച്ചു പൊങ്ങി, ഭരണ തലത്തിലും അവർ കസേര ഉറപ്പിച്ചു.
ഇതെങ്ങനെ സംഭവിച്ചു? നാബോത്തിൻെ്് മുന്തിരി തോട്ടം തന്ത്രപരമായി കൈവശമാക്കുവാൻ കിടക്കയിൽ കിടന്നുകൊണ്ട് വട്ടം കൂട്ടുന്ന ആഹാബിനെ പോലുള്ള അധികാരമോഹികൾ ആത്മീക ലോകം കയ്യടക്കിയതിൻെ്് ദുരന്തഫലം. ഫണ്ട് കൈവശമാക്കുവാൻ ഓടി, പക്ഷങ്കിൽ ഫലം കയ്യിൽ നിന്ന് നഷ്ടപ്പെട്ടു. മധുരമില്ലാത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്ന തോട്ടമായി മാറി ദൈവസഭ. ഇപ്പോൾ വേണമെങ്കിൽ വൃക്ഷം വലുതാണെന്ന് വീമ്പിളക്കാം, ഇലയുണ്ട് ,തഴപ്പുണ്ട്, ആരെയും ആകർഷിക്കും, എല്ലാം കളർഫുൾ. അടുത്ത് വരുന്നവർ തിരിച്ചറിയുന്നു, ഫലം നമ്മളിൽ നിന്ന് കൈവിട്ടു പോയി. സഭയുടെ കാവൽക്കാർ ആയുധം നഷ്ടപ്പെട്ട വില്ലാളികൾക്ക് തുല്യമായി മാറി. കോടാലി ഊരി വെള്ളത്തിൽ വീണവനെപ്പോലെ അയ്യം വിളിക്കുകയാണ്. കോടാലി പോയാലും, കാശ് കയ്യിലുണ്ടല്ലോ എന്ന് ചിന്തിക്കുന്ന മറ്റൊരു കൂട്ടം. വിശുദ്ധിയുടെ അങ്കി വഴിയാത്രയിൽ നഷ്ടപ്പെട്ടു. വേർപാടിൻെ്് മതില് ലോകത്തിൻെ്് കുത്തൊഴുക്കിൽ ഇടിഞ്ഞുവീണു. സ്നേഹത്തിൻെ്് യും, ഐക്യതയുടെയും കണ്ണികൾ കൈകളിൽ നിന്ന് പൊട്ടി വീണുടഞ്ഞു.
നാം ചെന്ന് അത് കൈവശമാക്കുക സംഖ്യ: 13: 30. തിരിഞ്ഞു നോക്കുമ്പോൾ പലതും നാം കൈവശമാക്കി. പണം കൊണ്ടും, പഠുത്തം കൊണ്ടും, ബലം കൊണ്ടും, ബന്ധങ്ങൾ കൊണ്ടും പലതും കൈവശമാക്കുവാനും, കെട്ടിപ്പടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ യാത്രയിൽ ആരംഭിച്ച്, അമേരിക്കൻ പൗരത്വം വരെ കൈവശമാക്കുവാനും, പാസ്പോർട്ടിൻെ്് താളുകളിൽ അനേകം ലോക രാജ്യങ്ങളുടെ വിസ അടിച്ച് കൈവശമാക്കുവാനും സാധിച്ചു. അധികാരവും, പദവികളും മറ്റാർക്കും വിട്ടുകൊടുക്കാതെ കൈവശം വയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. സ്ഥാനങ്ങളും, മാനങ്ങളും, ബഹുമതികളും തേടിയെത്തിയില്ലെങ്കിലും അബ്ദലോം തന്ത്രങ്ങൾ പ്രയോഗിച്ച്, പലതും കൈവശമാക്കി തലപ്പാവണിയുവാൻ കഴിഞ്ഞിട്ടുണ്ട്. അർഹിക്കാത്തത് ആഹാബ് മരുന്ന് പ്രയോഗത്തിലൂടെ കൈക്കലാക്കി, ആനപ്പുറത്തിരിക്കുന്ന അമ്മാവനെ പോലെ എഴുന്നള്ളുന്നു. എല്ലാം ദൈവാനുഗ്രഹം എന്ന് പേര് ചാർത്തുന്ന സമൂഹം.
കയ്യിൽ നിന്നു പോയതും, നഷ്ടപ്പെട്ടതും ഒന്ന് ചിന്തിച്ചിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. പിതാക്കന്മാർ പട്ടിണി കിടന്നു, പരാതിയും, പരിഭവവും അവരുടെ നാവിൽ ഇല്ലായിരുന്നു. തഴപ്പായിൽ നിലത്ത് കിടന്നപ്പോഴും പരിശുദ്ധാത്മാവ് അവരെ നടത്തി. ശിംശോന് സംഭവിച്ചതുപോലെ പരിശുദ്ധാത്മാവിൻെ്് ശക്തി കൈവിട്ട് പോകാതെ അവർ തങ്ങളെ തന്നെ സൂക്ഷിച്ചു. അതിവിശുദ്ധ വിശ്വാസത്തെ കളങ്കം പറ്റാതെ നിധിപോലെ പൊതിഞ്ഞു സൂക്ഷിച്ചു. അത് കൈകളിൽ നിന്ന് പോകാതിരിക്കുവാൻ കാത്തിരുന്നു പ്രാർത്ഥിച്ചു. ലോകത്തിൻെ്് ദൃഷ്ടിയിൽ ഭോഷന്മാരെന്ന് എല്ലാവരും വിധിയെഴുതിയപ്പോൾ ഭാഗ്യകരമായ പ്രത്യാശ കൈമോശം വന്നു പോകാതെ മാറോടു ചേർത്തു പിടിച്ചു. ലോകത്തിൽ അവർ കുത്ത്കാഴ്ചകളായി മാറിയപ്പോൾ, കാൽവരിയിലെ സ്നേഹം ചോർന്നു പോകാതെ അവർ തമ്മിൽ കരങ്ങൾ കോർത്തു പിടിച്ചു. സമ്പത്തുകൾ നഷ്ടപ്പെട്ടപ്പോൾ, സഹിഷ്ണുത കൈവശം ഉണ്ടായിരുന്നതുകൊണ്ട് കരങ്ങൾ ഉയർത്തി ദൈവത്തിനു മഹത്വം കൊടുത്തു.
കഷ്ടതയുടെ ചൂളയിൽ കൂടി പിതാക്കന്മാർ നടന്നു നീങ്ങിയപ്പോൾ അവർ കൈവശം സൂക്ഷിച്ചത് വചന സത്യങ്ങൾ ആയിരുന്നു. ലോകം അവരെ ശത്രുക്കളായി കണ്ടുകൊണ്ട് ഹാമാൻെ്് കരങ്ങൾ അവർക്കെതിരായി നീട്ടി. എങ്കിലും അവർ ആയുധം വെച്ച് കീഴടങ്ങിയില്ല. അനുഗ്രഹം കൈവശമാക്കുവാൻ ആത്മാവിൻെ്് വാള് കൈകളിൽ നിന്ന് നഷ്ടപ്പെടുത്തിയില്ല. കാശ് കുറവായിരുന്നുവെങ്കിലും, കരയുന്ന കണ്ണുകൾ കൈമുതലായവർ സൂക്ഷിച്ചു. അംഗീകാരവും, ഇല്ലാത്ത മണ്ടൻ ബിരുദങ്ങളും മേടിക്കുവാൻ അവർ കരങ്ങൾ നീട്ടിയില്ല. എങ്കിലും യാഗപീഠത്തിലെ തീ കെട്ടു പോകാതെ എന്നുമെന്നും കത്തുവാൻ കറ പുരളാതെ കരങ്ങളെ സൂക്ഷിച്ചു. കെട്ടുറപ്പുള്ള സൗധങ്ങളും, ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളും കൈവശമാക്കുവാൻ പിതാക്കന്മാർക്ക് കഴിഞ്ഞില്ലെങ്കിലും, ആനന്ദ നദി വറ്റിപ്പോകാതിരിപ്പാൻ അവരുടെ കരങ്ങൾ പ്രയത്നിച്ചു.
ഇന്നിൻെ്് ദിനങ്ങളിൽ കൈവശമാക്കിയതും, കൈകളിൽ നിന്ന് നഷ്ടമായതും, ഒന്ന് ചിന്തിക്കുന്നതും, തിരിഞ്ഞുനോക്കുന്നതും നന്നായിരിക്കും.
ഗേഹസിയോട്ടം നിൽക്കട്ടെ! ഫിലിപ്പോസ് ഓട്ടം തുടരട്ടെ!