
ഗാൽവെസ്റ്റൺ (ടെക്സസ്) : തിങ്കളാഴ്ച മെക്സിക്കോയിൽ നിന്നുള്ള ഒരു മെഡിക്കൽ വിമാനം ഗാൽവെസ്റ്റൺ ബേയിൽ തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
ഗാൽവെസ്റ്റൺ കോസ്‌വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. ഉച്ചകഴിഞ്ഞ് 3:15 ഓടെ സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന് ഒരു കോൾ ലഭിച്ചു, ഉടൻ തന്നെ അവർ പ്രതികരിച്ചു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയിൽ കുറഞ്ഞത് ഒരു കുട്ടിയെയെങ്കിലും വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത് ആംബുലൻസിൽ കയറ്റുന്നത് കാണിച്ചു.. ഒരാളെ കാണാതായിട്ടുണ്ട്.
മെക്സിക്കോയിലെ മെറിഡയിൽ നിന്നും ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്റിംഗിന് തൊട്ടുമുൻപായിരുന്നു അപകടം.
മരിച്ചവരിൽ ചികിത്സയ്ക്കായി കൊണ്ടുപോയ കുട്ടിയും ഒരു ഡോക്ടറും മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിച്ചെങ്കിലും, കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളും ചേർന്ന് രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി.
അന്വേഷണം: അപകടകാരണം വ്യക്തമല്ല. യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
വിമാനത്തിലുണ്ടായിരുന്നവർ മെക്സിക്കൻ നാവികസേനയുടെ മാനുഷിക ദൗത്യത്തിന്റെ ഭാഗമായി യാത്ര ചെയ്തവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.