ട്രൂസോൺ സോളാറിൽ നിക്ഷേപം നടത്തി സച്ചിൻ തെൻഡുൽക്കർ

Spread the love

കൊച്ചി: പുനരുപയോഗ ഊർജ മേഖലയിലെ രാജ്യത്തെ മുൻനിര കമ്പനിയായ സൺടെക് എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. കമ്പനിയുടെ കീഴിൽ പുറത്തിറങ്ങുന്ന ട്രൂസോൺ സോളാറിലാണ് സച്ചിൻ നിക്ഷേപം നടത്തിയത്. നിക്ഷേപ തുകയോ കൈവശപ്പെടുത്തിയ ഓഹരികളുടെ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. 2030-ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് സോളാർ കമ്പനികളിലൊന്നായി മാറാനൊരുങ്ങുന്ന ട്രൂസോൺ സോളാറിന്റെ ബിസിനസ് യാത്രയിലെ തന്ത്രപ്രധാനമായ പങ്കാളിത്തമാണ് സച്ചിനുമായി നടത്തുന്നതെന്ന് കമ്പനി അറിയിച്ചു. വിശ്വസ്തതയുടെയും മികവിന്റെയും പ്രതീകമായ സച്ചിന്റെ നിക്ഷേപത്തോടെ ബ്രാൻഡ് മൂല്യം വർധിക്കുമെന്നാണ് കമ്പനി കരുതുന്നത്. രാജ്യമെമ്പാടും ഹരിതോർജ വിതരണം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനം. കേരളം, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കേവലം നിക്ഷേപത്തിനുപരി, കമ്പനിയുടെ പ്രവർത്തനങ്ങൾക്കും ലക്ഷ്യങ്ങൾക്കും മൂല്യ ബോധങ്ങൾക്കും ലഭിച്ച അംഗീകാരമാണ് സച്ചിനുമായുള്ള നിക്ഷേപ പങ്കാളിത്തമെന്ന് ട്രൂസോൺ സോളാറിന്റെ സ്ഥാപകനും എംഡിയുമായ സി ഭവാനി സുരേഷ് അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള ബിസിനസ് സ്ഥാപനങ്ങളിലും വ്യവസായശാലകളിലും വീടുകളിലും സോളാർ എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരപ്പുര സോളാറിനു പുറമെ, വാണിജ്യ- വ്യവസായ ശാലകളിലേക്കുള്ള വൻകിട സോളാർ ഉൽപന്നങ്ങൾ, കാർഷിക മേഖലയ്ക്കുള്ള കേന്ദ്രപദ്ധതി പിഎം കുസും സോളാർ ഉൽപന്നങ്ങൾ എന്നിവയാണ് ട്രൂസോൺ സോളാർ ബ്രാൻഡിനു കീഴിൽ പുറത്തിറക്കുന്നത്.

Anu Maria Thomas

Author

Leave a Reply

Your email address will not be published. Required fields are marked *