ഗാനവ്യ ദൊരൈസ്വാമിയുടെ മറാത്തി പ്രാർത്ഥനാ ഗീതത്തിന് ഒബാമയുടെ പ്രശംസ

Spread the love

കാലിഫോർണിയ : മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2025-ലെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ ഗാനവ്യ ദൊരൈസ്വാമി ഇടംപിടിച്ചു. പരമ്പരാഗത മറാത്തി പ്രാർത്ഥനയായ “പസായദാൻ” (Pasayadan) എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണ് ഒബാമയെ ആകർഷിച്ചത്. കെൻഡ്രിക് ലാമർ, ലേഡി ഗാഗ തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾക്കൊപ്പമാണ് ഗാനവ്യയും ഈ പട്ടികയിൽ സ്ഥാനം നേടിയത്.

തമിഴ്‌നാട്ടിൽ ജനിച്ച ഗാനവ്യ, ന്യൂയോർക്കിലും കാലിഫോർണിയയിലുമായാണ് വളർന്നത്. ഗായിക, സംഗീതസംവിധായിക, കലാകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതം, നാടൻ പാട്ടുകൾ, ജാസ് (Jazz), ആധുനിക സംഗീതം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഗാനവ്യയുടെ ശൈലി.

സൈക്കോളജിയിലും തിയേറ്ററിലും ബിരുദം നേടിയ ശേഷം ബെർക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടി.

2025-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ “പസായദാൻ” എന്ന ഗാനമാണ് ഒബാമയുടെ ശ്രദ്ധ നേടിയത്.

ഗ്രാമി പുരസ്കാരം നേടിയ പല പ്രോജക്റ്റുകളിലും ഗാനവ്യ പ്രവർത്തിച്ചിട്ടുണ്ട്. ലാറ്റിൻ ഗ്രാമി (Latin Grammy) നേടുന്ന ആദ്യ തമിഴ് വരികൾ എഴുതി ആലപിച്ചതും ഗാനവ്യയാണ്.

‘ഐക്യം ഒന്ന്’ (Aikyam Onnu), ‘ഡോട്ടർ ഓഫ് എ ടെമ്പിൾ’ (Daughter of a Temple) എന്നിവ ശ്രദ്ധേയമായ ആൽബങ്ങളാണ്. ഇതിൽ ‘ഡോട്ടർ ഓഫ് എ ടെമ്പിൾ’ ബിബിസി (BBC) തിരഞ്ഞെടുത്ത ആ വർഷത്തെ മികച്ച ആൽബങ്ങളിൽ ഒന്നായിരുന്നു.

സമൂഹവും സംഗീതവും പരീക്ഷണങ്ങളും ഒത്തുചേരുന്ന ഒരപൂർവ്വ കലാകാരി എന്നാണ് ഗാനവ്യയെ സംഗീത ലോകം വിശേഷിപ്പിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *