അറസ്റ്റ് കൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫ് പിന്തിരിയില്ല – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (27/12/2025).

മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നത്? അറസ്റ്റ് കൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫ് പിന്തിരിയില്ല; കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തത് ഏകാധിപതിയായ ഭരണാധികാരിയുടെ നടപടി; പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രി കേരളത്തിന് അപമാനം; ഇങ്ങനെയെങ്കില്‍ ഞങ്ങളെ എല്ലാവരെയും വീടുകളില്‍ വന്ന് അറസ്റ്റു ചെയ്യേണ്ടി വരും; ശബരിമലയില്‍ കൊള്ള നടത്തിയെന്ന് അറിഞ്ഞ ശേഷമല്ലേ മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്? പൊലീസിനെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച് 20 വര്‍ഷം ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവിന് ഒരു മാസം തികയുന്നതിന് മുന്‍പ് പരോള്‍ നല്‍കിയതാണോ നിങ്ങളുടെ ഭരണം?

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെന്ന ആക്ഷേപം ഉന്നയിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായ എന്‍. സുബ്രഹ്‌മണ്യനെ രാത്രി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും കേസില്‍പ്പെടുത്തുകയും ചെയ്ത നടപടി ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ നടപടിയയാണ് യു.ഡി.എഫ് കാണുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടതിന്റെ വീഡിയോ എല്ലാ മാധ്യമങ്ങളിലും വന്നതാണ്. പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞ ഏക ആള്‍ എം.വി ഗോവിന്ദന്‍ മാത്രമാണ്. സോണിയ ഗാന്ധിക്കെതിരെ വ്യാപകമായി സി.പി.എം കള്ളപ്രചരണം നടത്തിയതിന് മറുപടിയായാണ് മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെയും സി.പി.എം സൈബര്‍ സംഘങ്ങള്‍ എത്ര കടന്നാക്രമണങ്ങളാണ് നടത്തിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊക്കെ എതിരെ എത്രയോ വ്യക്തിപരമായ കടന്നാക്രമണങ്ങളാണ് നടത്തിയത്. ഞങ്ങള്‍ നല്‍കിയ പരാതികളില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ലൈംഗിക ചുവയുള്ള ആരോപണങ്ങള്‍ വരെ നടത്തുകയാണ്. എ.ഐ ടൂള്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ അധിക്ഷേപം നടത്തിയതും സി.പി.എമ്മാണ്. വയനാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗന്ധിയും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് സി.പി.എം ഐ.ഐ ടൂള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതും. അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുമോ?

മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? നിങ്ങള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണോ? നിങ്ങളുടെ ഭരണത്തിന്റെ അവസാന കാലമാണിത്. അതിന്റെ അഹങ്കാരമാണ് നിങ്ങള്‍ ഇപ്പോള്‍ കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തും ക്രിമിനലിനെ കൊണ്ടു പോകുന്നതു പോലെ പൊലീസ് കൊണ്ടു പോയതും. പൊലീസ് ജീപ്പിന് ബോംബ് എറിഞ്ഞതിന് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച സി.പി.എം നേതാവിനെ ജയിലില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പ് പരോളില്‍ വിട്ട സര്‍ക്കാരാണിത്. നിങ്ങള്‍ പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രിയല്ലേ പിണറായി വിജയന്‍? എന്നിട്ടാണ് പൊലീസുകാരെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച് ജയിലിലായ സി.പി.എം നേതാവിനെ ഒരു മാസം തികയുന്നതിന് മുന്‍പ് പരോള്‍ നല്‍കിയത്. ഇതാണോ നിങ്ങളുടെ ഭരണം? നിങ്ങളുടെ ഡി.ഐ.ജി കൈക്കൂലി വാങ്ങി എല്ലാവര്‍ക്കും പരോള്‍ നല്‍കുകയല്ലേ? അതിന്റെ വിഹിതം ഉന്നത ഉദ്യോഗസ്ഥര്‍ കൈപ്പറ്റുകയല്ലേ? ടി.പിയെ കൊലപ്പെടുത്തിയ ക്രിമിനലുകള്‍ ഇപ്പോഴും പുറത്തല്ലേ? ലഹരി മരുന്ന് മാഫിയകള്‍ക്ക് നിങ്ങള്‍ സഹായം ചെയ്ത് കൊടുക്കുകയല്ലേ? ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങള്‍ ജയിലുകളില്‍ കഞ്ചാവും ലഹരിവസ്തുക്കളും എത്തിച്ചു കൊടുക്കുകയല്ലേ? എന്നിട്ടാണ് മാനം മര്യാദയായി ജീവിക്കുന്നവരെ രാത്രി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ഞങ്ങളെ പേടിപ്പിക്കാനൊന്നും വരേണ്ട. അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ല. അതുകൊണ്ടൊന്നും കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും പിന്തിരിയില്ല. നിങ്ങള്‍ ഏകാധിപതി ചമഞ്ഞ് ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. ഞങ്ങളെ എല്ലാവരെയും വീടുകളില്‍ വന്ന് അറസ്റ്റു ചെയ്യേണ്ടി വരും. പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രി കേരളത്തിന് എന്തൊരു നാണക്കേടാണ്. നിങ്ങള്‍ കേരളത്തിന് അപമാനമാണ് മിസ്റ്റര്‍ പിണറായി വിജയന്‍. ശബരിമലയില്‍ പാട്ടുപാടിയതിന് കേസെടുത്ത് നാണംകെട്ട് പിന്‍വലിച്ച് ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. എന്തും ചെയ്യാമെന്ന ധാരണയൊന്നും വേണ്ട. ജനങ്ങള്‍ താക്കീത് തന്നിട്ടും അതില്‍ നിന്നൊന്നും നിങ്ങള്‍ പഠിക്കാന്‍ തയാറായിട്ടില്ല. 2026-ല്‍ ഇതിലും വലിയൊരു താക്കീത് ജനം നിങ്ങള്‍ക്ക് തരും. അത് ഏറ്റുവാങ്ങാന്‍ തയാറായിക്കോളൂ. ഭയപ്പെടുത്താനൊന്നും നില്‍ക്കേണ്ട.

 

Author

Leave a Reply

Your email address will not be published. Required fields are marked *