
കോണ്‍ഗ്രസിന്റെ സ്ഥാപക ദിനം കെപിസിസിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28 നു വിപുലമായി ആഘോഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആൻ്റണി പാര്‍ട്ടി പതാക ഉയര്‍ത്തും. സേവാദള്‍ വാളന്റിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ജന്മദിന സന്ദേശം നൽകും. കെപിസിസി മുൻ പ്രസിഡന്റ്മാർ, കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, മുതിർന്ന കോൺഗ്രസ് നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഡിസിസി , ബ്ലോക്ക് ,മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പാർട്ടി പതാക ഉയർത്തി സംസ്ഥാന വ്യാപകമായി സ്ഥാപക ദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.