അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീലോഞ്ച് ഗവേഷക സംഗമം

Spread the love

2027 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (IRIA) പ്രവർത്തനത്തിന് മുന്നോടിയായി ഡിസംബർ 29 തിങ്കളാഴ്ച കോവളം ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ പ്രീലോഞ്ച് അന്താരാഷ്ട്ര ഗവേഷക സംഗമം നടത്തുന്നു. രാവിലെ 9:30ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ്ജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വിക്രം സാരാഭായി സ്‌പേസ് സെൻറർ മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ. എം. ചന്ദ്രദത്തൻ മുഖ്യാതിഥിയാകും.

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷകർ, അക്കാദമിക വിദഗ്ധർ, വ്യവസായികൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിക്കുമ്പോൾ അതിന്റെ പ്രവർത്തന മേഖലകളെ എങ്ങനെ നിർവചിക്കണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചയാണ് ഈ സംഗമത്തിൽ ഉദ്ദേശിക്കുന്നത്. അതിനായി തയ്യാറാക്കിയിട്ടുള്ള പ്രവർത്തന നയ രൂപരേഖ (Functional Mandate) അടിസ്ഥാനമാക്കിയാണ് ചർച്ചകൾ നടക്കുക.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി (CSIR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

പ്രധാന ഉദ്ദേശ്യങ്ങൾ

ആയുർവേദ ഗവേഷണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി ഏതൊക്കെ മേഖലകളിൽ സഹകരിക്കാം എന്നതിനെക്കുറിച്ചുള്ള താൽപര്യം ക്ഷണിക്കുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ചർച്ചകളുടെ അടിസ്ഥാനത്തിൽ താൽപര്യപത്രങ്ങളും ധാരണാപത്രങ്ങളും വികസിപ്പിക്കുകയും ഗവേഷണ സ്ഥാപനം ആരംഭിക്കുമ്പോൾ തന്നെ അതിന്റെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്ന് കൃത്യമായി വിഭാവനം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഗവേഷണത്തിന് കേരളം വേദിയൊരുക്കുകയും പരമ്പരാഗത ജ്ഞാനവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് പുതിയ അറിവുകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ദീർഘകാല ലക്ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *