ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ത്ത് കാലക്രമേണ ആ പദ്ധതിയെ ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് മുന്‍ മുഖ്യമന്ത്രി എകെ ആന്റണി.സാമൂഹ്യ നീതി അക്രമിക്കപ്പെടുന്നതിന് തെളിവാണത്. അതിനെതിരെ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ശക്തമായ പ്രക്ഷോഭം നടത്തേണ്ടതുണ്ടെന്നും എകെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ 141-ാംമത് സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചുകൊണ്ട് കെപിസിസിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
രാജ്യത്ത് കോണ്‍ഗ്രസിന്റെ ജന്മദിനം ആഘോഷിക്കാന്‍ പറ്റിയ അന്തരീക്ഷമല്ല. രാജ്യവ്യാപകമായി ശക്തമായി പ്രതിഷേധിക്കാനും ഇന്ത്യയെ രക്ഷിക്കാനുമുള്ള ഗാന്ധിയന്‍ സമരമാര്‍ഗത്തെ കുറിച്ച് ആലോചിക്കേണ്ട സമയമാണ്. ഗാന്ധിജിക്ക് പകരം ഗോഡ്സയെ ഉയര്‍ത്തിക്കാട്ടാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു. ഗാന്ധി മാര്‍ഗത്തിന് പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നു. പൗരന്മാരെ രണ്ടുതരമായി കാണുന്ന സവര്‍ക്കറാണ് രാഷ്ട്രനേതാവെന്ന് വിശ്വസിക്കുന്ന ഭരണകൂടം മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും സമത്വം എന്നിവ നിഷേധിച്ച് ഭരണഘടനയെ പിച്ചിചീന്തുന്നുവെന്നും എകെ ആന്റണി പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി,കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ചെറിയാന് ഫിലിപ്പ്,പന്തളം സുധാകരന്, കെപിസിസി ഭാരവാഹികളായ എം വിന്‍സന്റ് എംഎല്‍എ, പാലോട് രവി, എംഎ വാഹിദ്, മരിയാപുരം ശ്രീകുമാര്‍, എംഎം നസീര്‍, കെഎസ് ശബരീനാഥന്,കെ.ബി.ശശികുമാര്‍, ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്,രമേശന് കരുവാച്ചേരി,കൊറ്റാമം വിമല്‍കുമാര്‍,ജി.സുബോധന്‍,ജിഎസ് ബാബു,കെ.മോഹന്‍കുമാര്‍, ബിഎസ് ബാലചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഎസ് ബാലചന്ദ്രന് രചിച്ച എകെ ആന്റണി രാഷ്ട്രീയത്തിലെ സുവര്‍ണ്ണ സാന്നിധ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം എകെ ആന്റണിക്ക് നല്കി ചെറിയാന് ഫിലിപ്പ് നിര്‍വഹിച്ചു. ഡിസിസി , ബ്ലോക്ക് ,മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പാര്‍ട്ടി പതാക ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സ്ഥാപക ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.