വൈദികനെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Spread the love

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരില്‍ ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സിഎസ്‌ഐ ദക്ഷിണ കേരള രൂപതയായ നാഗ്പൂര്‍ മിഷന്റെ വൈദികനായ ഫാദര്‍ സുധീര്‍, ഭാര്യ ശ്രീമതി ജാസ്മിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിത്.

രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കണം. ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയം മതേതര ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പ്പിക്കുന്നത്. പോലീസ് നടപടിയിലെ നിയമവിരുദ്ധതയും വൈദികന്റെ നിരപരാധിത്വവും ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റിലായ എല്ലാവര്‍ക്കും കോടതി ജാമ്യം നല്‍കിയതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. സമാധാനപരമായി പ്രാര്‍ത്ഥന നടത്തുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. സങ്കുചിത രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടി അപലപനീയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *