മുഖ്യമന്ത്രിക്ക് പറയാൻ പറ്റാത്ത വർഗീയത മറ്റു ചിലരെ കൊണ്ട് പറയിക്കുന്നു : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (02/01/2026)

മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു; പുറത്തു നിന്ന് ആളെ ഇറക്കി സി.പി.ഐ നേതാക്കളെ വരെ പിണറായി വിജയന്‍ ചീത്ത വിളിപ്പിക്കുന്നു; ഇപ്പുറത്ത് ടീം യു.ഡി.എഫ് നില്‍ക്കുമ്പോള്‍ മറുവശത്തുള്ളത് ശിഥിലമായ എല്‍.ഡി.എഫ്; എസ്.ഐ.ടിയില്‍ പാര്‍ട്ടി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ നുഴഞ്ഞു കയറിയത് അന്വേഷണ രഹസ്യങ്ങള്‍ സി.പി.എമ്മിന് ചോര്‍ത്തി നല്‍കാന്‍; പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതിന് അടൂര്‍ പ്രകാശിനെ ചോദ്യം ചെയാതാല്‍ പിണറായി വിജയനെയും ചോദ്യം ചെയ്യണം; ജനാധിപത്യത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ ബി.ജെ.പിയെ പോലെ പണം നല്‍കി ജനവിധി അട്ടിമറിക്കുന്നു.

കൊച്ചി (പറവൂര്‍)  : ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അവാസ്തവമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്.ഐ.ടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും അന്വേഷണസംഘത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ഏറ്റവും അവസാനമായി സി.പി.എം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ    

എസ്.ഐ.ടിയില്‍ നിയമിച്ചു. സി.പി.എം ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്.ഐ.ടിയില്‍ കടന്നുകയറി അന്വേഷണ രഹസ്യങ്ങള്‍ സി.പി.എമ്മിന് ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. സി.പി.എം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ല അന്വേഷിക്കുന്നത്. ശബരിമലയിലെ സ്വര്‍ണം കവര്‍ന്നത് ആരാണ്? എവിടെയാണ് വിറ്റത്? ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്‍പം നല്‍കിയത്? തുടങ്ങിയ കാര്യങ്ങളാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. ഫോട്ടോ

എടുത്തവരെയൊക്കെ പ്രതികളാക്കാന്‍ പറ്റുമോ? മൂന്ന് സി.പി.എം നേതാക്കള്‍ ജയിലിലാണ്. അതിനേക്കാള്‍ വലിയ നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിലാണ്. സി.പി.എം ഏതായാലും പെട്ടു. അപ്പോള്‍ മറ്റുള്ളവരെ കൂടി ബന്ധപ്പെടുത്താനുള്ള വൃഥാ ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്നാണ് സി.പി.എമ്മിനോടുള്ള ചോദ്യം. ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുത്താല്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന ഭയം സി.പി.എമ്മിനുണ്ട്.

സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സി.പി.എം ശ്രമിക്കുന്നത്. വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് സ്വതന്ത്രനെ സ്വാധീനിക്കാന്‍ 50 ലക്ഷം രൂപയാണ് സി.പി.എം നല്‍കിയത്. ഇതു തന്നെയാണ് മറ്റത്തൂരിലും സംഭവിച്ചത്. ജനാധിപത്യത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരാണ് പണം നല്‍കി

ആളെ സ്വാധീനിക്കാന്‍ ബി.ജെ.പിയെ പോലെ പരിശ്രമിക്കുന്നത്. സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയിലും മറ്റത്തൂരും ഉണ്ടായത്. എന്നിട്ടാണ് മറ്റത്തൂരില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വ്യാജ പ്രചരണം നടത്തിയത്. തൊടുപുഴയില്‍ 16 വയസുള്ള മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഉമ്മയെ ജോലിയില്‍ നിന്നും പുറത്താക്കി. മരിച്ചു പോയ ഒരു സഖാവിന്റെ ഭാര്യയുടെ ജോലിയാണ് ഇവര്‍ ഇല്ലാതാക്കിയത്. മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടിയാണ് സി.പി.എം.

ആര്‍.എസ്.എസിനെ പ്രതിരോധിക്കുന്നത് സി.പി.എം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നല്ല തമാശയാണ്. 1977-ല്‍ ആര്‍.എസ്.എസ് പിന്തുണയോടെ നിയമസഭയില്‍ എത്തിയ എം.എല്‍.എയാണ് പിണറായി വിജയന്‍. ആരോരും അറിയാതെ ഔദ്യോഗിക കാര്‍ മാറ്റി മാസ്‌കോട്ട് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ നേതാവാണ് പിണറായി വിജയന്‍. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ എ.ഡി.ജി.പിയെ വിട്ട് പൂരം കലക്കിയ ആളാണ് പിണറായി വിജയന്‍. ബി.ജെ.പിക്ക് ജയിക്കാന്‍ സൗകര്യം ഉണ്ടാക്കിക്കൊടുത്ത ആളാണ് പിണറായി വിജയന്‍. തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും തൃശൂരില്‍ ഗൂഡാലോചന ഉണ്ടായെന്നും സി.പി.ഐ തന്നെ പറഞ്ഞിട്ടുണ്ട്. അമിത് ഷാ പറഞ്ഞപ്പോള്‍ പി.എം ശ്രീയില്‍ ഒപ്പിട്ട ആളാണ് പിണറായി വിജയന്‍. ബി.ജെ.പി പറയുന്നത് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ആളാണ് പിണറായി വിജയന്‍. എന്നിട്ടാണ് ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. സി.പി.ഐ നേതാവിനെ ചതിയ ചന്തു എന്നാണ് വിളിച്ചത്. സി.പി.ഐ നേതാക്കളെ വരെ പുറത്തു നിന്ന് ആളെ ഇറക്കി പിണറായി വിജയന്‍ ചീത്ത വിളിപ്പിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്.എന്‍.ഡി.പിക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അനുവദിച്ചത്. അതിനെ പ്രകീര്‍ത്തിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ റെക്കോഡ് മാധ്യമങ്ങളുടെ ലൈബ്രറിയില്‍ ഉണ്ടാകും. പത്തുകൊല്ലമായി ഭരിക്കുന്ന പിണറായി വിജയനല്ലേ നിങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാത്തതെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിനാണ് മാധ്യമ പ്രവര്‍ത്തകനെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ചത്. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയനാണ് കുടപിടിച്ചു കൊടുക്കുന്നത്. മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ മറ്റുള്ളവരെ കൊണ്ട് പറയിക്കുകയാണ്. അത് തുടരട്ടെ. നിര്‍ത്തരുത്. എല്ലാ ആഴ്ചകളിലും ഇതുപോലെയുള്ളവരെക്കൊണ്ട് പത്രസമ്മേശനം നടത്തിക്കണമെന്നതാണ് എന്റെ അഭ്യര്‍ത്ഥന. ടീം യു.ഡി.എഫ് ഇപ്പുറത്ത് നില്‍ക്കുമ്പോള്‍ ശിഥിലമായ എല്‍.ഡി.എഫാണ് മറുവശത്തുള്ളത്. തിരഞ്ഞെടുപ്പ് തോല്‍വിയോടെ എല്‍.ഡി.എഫ് ശിഥിലമായി.

കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നത്. സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് എല്ലാ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പിറ്റേ ആഴ്ചയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ചത്. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കേരളത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ നാവായാണ് മറ്റു ചിലര്‍ ഇതൊക്കെ പറയുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്താനാണ് ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞ സി.പി.എം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞു. എന്നാല്‍ എല്ലാം തിരിച്ചടിച്ചു. ഇപ്പോള്‍ ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഇല്ലാത്ത സ്ഥിതിയായി. ശബരിമലയും കൂടി കഴിഞ്ഞ എല്ലാ പൂര്‍ത്തിയായി.

ആഗോള അയ്യപ്പസംഗമം നടത്തി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് 2019 മുതല്‍ ശബരിമലയില്‍ നടത്തിയ കളവിന്റെ പരമ്പരകള്‍ പുറത്തുവന്നു. കട്ടിളയിലെ ശിവരൂപം പോലും അടിച്ചുകൊണ്ട് പോയി. കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ ഇവര്‍ അടിച്ചു മാറ്റിയേനെ. മോഷണ പരമ്പരയില്‍ ഇവര്‍ക്കെല്ലാം പങ്കുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തതോ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായതോ ആരും അറിഞ്ഞില്ലല്ലോ. പോറ്റിക്കൊപ്പം പടം എടുത്തത് കൊണ്ട് അടൂര്‍ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കില്‍ പിണറായി വിജയനും പ്രതിയാകണമല്ലോ. അദ്ദേഹത്തെ എസ്.ഐ.ടി ചോദ്യം ചെയ്യണമല്ലോ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവര്‍ത്തകരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ചേര്‍ന്ന് അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയത്. എന്നിട്ടാണോ അതേ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിന്നത്. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നതിനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ പിണറായി വിജയനെയും ചോദ്യം ചെയ്യണം. സ്വര്‍ണം കട്ടതില്‍ നാണംകെട്ട് നില്‍ക്കുന്നത് ബാലന്‍സ് ചെയ്യാനാണ് ശ്രമിക്കുന്നത്. സ്വര്‍ണം കട്ടത് സി.പി.എമ്മാണ്. അതില്‍ മാറ്റാരെയും അവര്‍ പങ്കാളികളാക്കിയിട്ടില്ല. മൂന്ന് സി.പി.എം നേതാക്കളാണ് സ്വര്‍ണം കട്ടതിന് ജയിലില്‍ കിടക്കുന്നത്. ഇപ്പോള്‍ ചോദ്യം ചെയ്തവരെ അറസ്റ്റു ചെയ്യേണ്ടി വരും. ആരോപണം ഉന്നയിച്ച് 84 ദിവസമായിട്ടും കീറ കടലാസ് പോലും ഞാന്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. കോടതിയില്‍ കീറക്കടലാസല്ല തെളിവായി ഹാജരാക്കുന്നത്. മന്ത്രിയായിരുന്ന ആള്‍ക്ക് സിവില്‍ കോടതിയിലെ നടപടിക്രമങ്ങള്‍ അറിയില്ലേ? ഇഷ്ടമുള്ളപ്പോള്‍ തെളിവ് ഹാജരാക്കാനാകില്ല. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കും. ഒന്നും പറയാനില്ലാത്തോണ്ട് വിളിച്ച് കൂകുകയാണ്. രണ്ട് കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച ആളാണ് കേസ് കൊടുത്തപ്പോള്‍ മാനം പത്ത് ലക്ഷമായി ചുരുക്കിയത്.

സംസ്ഥാനത്തെ പൊലീസിനെ അഴിച്ച് വിട്ടിരിക്കുകയാണ്. ഗര്‍ഭിണിയെയും സുജിത്തിനെയുമൊക്കെ മര്‍ദ്ദിക്കുന്നത് കേരളം കണ്ടതാണ്. പൊലീസിന് മേല്‍ ഒരു നിയന്ത്രണവുമില്ല. കേരളത്തിലെ പൊലീസ് തകര്‍ന്ന് തരിപ്പണമായിക്കൊണ്ടിരിക്കുകയാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *