പ്രതിപക്ഷം എതിര്‍ത്തിട്ടും തൊണ്ടിമുതല്‍ മോഷ്ടിച്ച കേസിലെ പ്രതിയായ ആന്റണി രാജുവിനെ പിണറായി വിജയന്‍ രണ്ടരവര്‍ഷം മന്ത്രിയായി കൊണ്ടുനടന്നു : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

മുന്‍ മന്ത്രി ആന്റണി രാജുവിനെ ശിക്ഷിച്ച കോടതി വിധിയില്‍ പ്രതിപക്ഷ നേതാവ് കട്ടപ്പനയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. (03/01/2026).

പ്രതിപക്ഷം എതിര്‍ത്തിട്ടും തൊണ്ടിമുതല്‍ മോഷ്ടിച്ച കേസിലെ പ്രതിയായ ആന്റണി രാജുവിനെ പിണറായി വിജയന്‍ രണ്ടരവര്‍ഷം മന്ത്രിയായി കൊണ്ടുനടന്നു; ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികളെയും സി.പി.എം സംരക്ഷിക്കുന്നു; കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

കട്ടപ്പന : തൊണ്ടിമുതല്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് പിണറായി വിജയന്‍ ആന്റണി രാജുവിനെ മന്ത്രിയാക്കിയത്. ലഹരിമരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന് പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി  

കൃത്രിമം കാട്ടിയെന്നാണ് കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയായ ആളെയാണ് പിണറായി വിജയന്‍ മന്ത്രിയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം നിലപാട് എടുത്തിട്ടും രണ്ടരവര്‍ഷക്കാലം അയാളെ പിണറായി വിജയന്‍ മന്ത്രിയായി കൊണ്ടു നടന്നു. പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയതു കൊണ്ടു മാത്രമാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തത്. പ്രതികളെ സംരക്ഷിക്കല്‍ തന്നെയാണ് എല്‍.ഡി.എഫും സി.പി.എമ്മും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികളെ സി.പി.എം ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊള്ളക്കാര്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാരെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

യു.ഡി.എഫിലെ ഒരു ഘടകകക്ഷികളുമായും ചര്‍ച്ച ആരംഭിച്ചിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. എന്നിട്ടും മാധ്യമങ്ങള്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനേക്കാള്‍ കുത്തിത്തിരിപ്പിന് ഇപ്പോള്‍ സാധ്യത എല്‍.ഡി.എഫിലാണ്. ഒരു വശത്ത് ടീം യു.ഡി.എഫ് നില്‍ക്കുമ്പോള്‍ മറുവശത്ത് ശിഥിലമായ എല്‍.ഡി.എഫാണ്. ചതിയന്‍ ചന്തുവും പി.എം ശ്രീയുമൊക്കെ എല്‍.ഡി.എഫിലാണ്. അടുത്ത തിരഞ്ഞെടുപ്പ് വരെ എല്ലാ ദിവസവും വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തണമെന്നും ഇതുപോലെ തന്നെ പിണറായി വിജയനെ സംരക്ഷിക്കണമെന്നുമാണ് എന്റെ ആഗ്രഹം.

പാര്‍ട്ടി പ്രവര്‍ത്തകനായ ഒരാള്‍ മരിച്ചപ്പോഴാണ് തൊടുപുഴയിലെ ബാങ്കില്‍ ഭാര്യയ്ക്ക് ചെറിയൊരു ജോലി നല്‍കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകന്‍ പ്രവര്‍ത്തിച്ചതു കൊണ്ട് അവരെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടത് സി.പി.എം എത്രത്തോളം അധപതിച്ചെന്നു വ്യക്തമാക്കുന്നതാണ്. അവര്‍ക്ക് എല്ലാ വിധത്തിലുള്ള സഹായവും കോണ്‍ഗ്രസും യു.ഡി.എഫും നല്‍കും.

Author

Leave a Reply

Your email address will not be published. Required fields are marked *