
സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡുകൾ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. തിരുവനന്തപുരത്ത് പി.ആർ.ഡി പ്രസ് ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ഓൺലൈനായി അപേക്ഷിക്കുവാൻ ഈ മാസം തന്നെ വീണ്ടും അവസരം നൽകും. നിലവിൽ ഓൺലൈനായി ലഭിച്ച 39,682 അപേക്ഷകളിൽ അർഹതപ്പെട്ടവർക്ക് ജനുവരി 15 ന് മുൻപായി PHH കാർഡുകൾ വിതരണം ചെയ്യും. 2026 ജനുവരി 31 ന് മുൻപായി അർഹരായ എല്ലാ കുടുംബങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.എഎവൈ വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് 2,389 പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ 6,950 കുടുംബങ്ങൾക്ക് കാർഡുകൾ ഉടൻ തരംമാറ്റി നൽകും. ഈ വിഷയത്തിന്റെ സാമൂഹ്യപ്രാധാന്യം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. 1965 മുതൽ സാർവ്വത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലും ഭക്ഷ്യകമ്മി സംസ്ഥാനമെന്ന നിലയിലും ഈ അവകാശം കേരളം ഒറ്റക്കെട്ടായി പൊരുതി നേടിയതാണ്. എന്നാൽ മാറിവന്ന കേന്ദ്ര സർക്കാരുകൾ സബ്സിഡികളും സൗജന്യങ്ങളും പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സാർവ്വത്രിക റേഷനിംഗ് ഇല്ലാതാക്കി. 2013 ലെ NFSA നിയമം ഈ വിവേചനത്തിന് നിയമപരമായ അംഗീകാരം നൽകിയതുമൂലം സംസ്ഥാനത്തെ ജനങ്ങളിൽ 57 ശതമാനം പേരും റേഷൻകവറേജിന് പുറത്തായി. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ ഒരുകോടി അൻപത്തിനാല് ലക്ഷത്തി എൺപതിനായിരത്തി നാൽപ്പത് (1,54,80,040) ആയി നിജപ്പെടുത്തപ്പെട്ടു. ഇതിൽപ്പെടാത്തവർ ഭക്ഷ്യധാന്യ വിഹിതത്തിന് മാത്രമല്ല ചികിത്സ ഉൾപ്പെടെയുള്ള മറ്റുപല ആനുകൂല്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. സംസ്ഥാന സർക്കാർ ഇപ്രകാരം കവറേജിന് പുറത്തായ മുൻഗണനേതര വിഭാഗത്തെ നീല, വെള്ള കാർഡുകാരായി തിരിച്ച് ലഭ്യമായ പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്നും ഭക്ഷ്യധാന്യം നൽകി വരുന്നുവെന്ന് മന്ത്രി പറഞ്ഞു.