സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും

Spread the love

സംസ്ഥാന സർക്കാർ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ എട്ട് കിലോഗ്രാം അരി ഒറ്റതവണയായി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിൽ രണ്ടു തവണകളായി നാലു കിലോഗ്രാം വീതമാണ് സബ്സിഡി മട്ട അരി നൽകുന്നത്. എന്നാൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും രണ്ടു തവണ ഇതിനായി കടകളിലെത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിയോട് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അരിയുടെ ലഭ്യത ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഇത് നടപ്പിലാക്കും. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ലൈവ് ഫോൺ ഇൻ പ്രോഗ്രാമിൽ വന്ന പരാതിയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ 24 പരാതികൾ മന്ത്രി നേരിട്ടു കേട്ടു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മുൻഗണന കാർഡിന് ജനുവരി 15 മുതൽ അപേക്ഷിക്കാൻ അവസരം നൽകും. റേഷൻ കാർഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഗുരുതര രോഗം ബാധിച്ചവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡോക്ടറുടെ ശുപാർശ എന്നിവ നൽകി അപേക്ഷിച്ചാൽ മുൻഗണനാ കാർഡിലേക്ക് തരം മാറ്റി നൽകും.ഏതു റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാമെന്നുള്ള നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ പുതിയതായി റേഷൻ കടകൾ തുടങ്ങുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ അടുത്തായി റേഷൻ കടകൾ ഇല്ലാത്തതും, ജനങ്ങൾക്ക് കൂടുതൽ ദൂരം റേഷൻ വാങ്ങാൻ സഞ്ചരിക്കേണ്ടി വരുന്നതുമായ മേഖല പരിശോധിച്ച് റേഷൻ കട അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കൊല്ലം പാരിപ്പള്ളിയിൽ നിന്നും വിളിച്ച അശോകന്റെ പരാതിയിൽ മറുപടിയായി അറിയിച്ചു.

സ്‌കൂളിൽ പട്ടികളുടെ ശല്യമുണ്ടെന്നും സ്‌കൂൾ പരിസരം വൃത്തികേടാക്കുന്നു എന്നും ആനാട് വേങ്കവിളയിൽ നിന്നുമുള്ള പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനിയായ നിതയുടെ പരാതി മന്ത്രി അനുഭാവപൂർവ്വം കേട്ടു, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്നറിയിച്ചു. താന്നിമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന നിത്യയുടെ ആവശ്യവും റോഡ് പണി പൂർത്തിയായ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *