
ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ഏറ്റവും ഒടുവിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യമുന്നണിക്ക് ഐതിഹാസിക വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് കെപിസിസിയുടെ ‘ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ‘ നന്ദിയും അഭിവാദ്യവും അർപ്പിക്കുന്നു. ശക്തമായ രാഷ്ട്രീയ അടിത്തറയും ജനവിശ്വാസവും സമരോത്സുകമായ സംഘടനാ സംവിധാനവുമാണ് യുഡിഎഫിന് ചരിത്രവിജയം സമ്മാനിച്ചതെന്ന് ഞങ്ങൾ തിരിച്ചറിയുകയാണ്. ഈ വിജയം കോൺഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളതാക്കുന്നു; നേതൃത്വത്തെ കൂടുതൽ വിനയാന്വിതരാക്കുന്നു; മുമ്പോട്ടുള്ള ഗതികോർജ്ജത്തിന് ആക്കം നൽകുന്നു.
ജനങ്ങൾ അർപ്പിച്ച വിശ്വാസം ഈ നാടിനുവേണ്ടി കൂടുതൽ ശക്തമായ പോരാട്ടങ്ങൾക്ക് ഞങ്ങളെ സജ്ജരാക്കുകയാണ്. രാജ്യത്തെ കോടാനുകോടി ഗ്രാമീണ ജനതയ്ക്കു വേണ്ടി യുപിഎ സർക്കാർ ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റി കൊല്ലാക്കൊല ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും; ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിക്കാൻ കൂട്ടു നിൽക്കുകയും പങ്കാളികളാവുകയും ചെയ്ത കേരള സർക്കാരിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കും; മതവിദ്വേഷവും വിഭാഗീയതയും സൃഷ്ടിച്ച് കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തെ മലിനമാക്കാനുള്ള പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയെ ക്യാമ്പ് അപലപിക്കുന്നു. ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രതയോടെ കൈകോർക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
വിലക്കയറ്റവും നികുതിഭാരവും പിൻവാതിൽ നിയമനവും സ്വജനപക്ഷപാതവും അഴിമതിയും ഉൾപ്പെടെ ജനദ്രോഹം മുഖമുദ്രയാക്കിയ, കേരളത്തിന് അപമാനവും ഭാരവുമായ സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസും യുഡിഎഫും പ്രതിജ്ഞാബദ്ധരാണെന്ന് ഈ ക്യാമ്പ് പ്രഖ്യാപിക്കുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി, ബന്ദിയാക്കി അമേരിക്ക നടത്തിയ കടന്നുകയറ്റം അപലപനീയവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാത ഹസ്തത്തിൽ അകപ്പെടുന്ന വെനസ്വേലൻ ജനതയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.