ഉപഭോക്താക്കളെ പിഴിയുന്ന ‘ജങ്ക് ഫീസുകൾക്ക്’ പൂട്ടുവീഴും: കർശന നടപടികളുമായി മേയർ മാംദാനി

Spread the love

ന്യൂയോർക്ക് : നഗരത്തിലെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ‘ജങ്ക് ഫീസുകൾ’ , വരിസംഖ്യാ കെണികൾ എന്നിവയ്‌ക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് മേയർ സോഹ്രാൻ മാംദാനി. ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റി കൺസ്യൂമർ പ്രൊട്ടക്ഷൻ ഏജൻസിക്ക് അദ്ദേഹം തിങ്കളാഴ്ച പുതിയ നിർദ്ദേശങ്ങൾ നൽകി.

ജങ്ക് ഫീസുകൾക്കെതിരെ പോരാട്ടം: സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അവസാന നിമിഷം അപ്രതീക്ഷിതമായി ചേർക്കുന്ന അധിക ചാർജുകളെയാണ് ‘ജങ്ക് ഫീസുകൾ’ എന്ന് വിളിക്കുന്നത്. ഇവ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി.

സബ്‌സ്‌ക്രിപ്ഷൻ കെണികൾ: സൗജന്യ ട്രയലുകൾ എന്ന പേരിൽ ഉപഭോക്താക്കളെ ആകർഷിക്കുകയും പിന്നീട് അറിയിപ്പില്ലാതെ മാസം തോറും പണം ഈടാക്കുകയും ചെയ്യുന്ന രീതിക്കെതിരെയും നടപടിയുണ്ടാകും.

ഇത്തരം തട്ടിപ്പുകൾ തടയാൻ ‘ജങ്ക് ഫീ ടാസ്‌ക് ഫോഴ്‌സ്’ രൂപീകരിച്ചു. നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ നിലവിലെ 6.5 കോടി ഡോളർ ബജറ്റ് ഇരട്ടിയാക്കുമെന്നും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും മേയർ വാഗ്ദാനം ചെയ്തു.

“നിങ്ങൾ ഏറെക്കാലമായി ആഗ്രഹിച്ച ഒരു സംഗീത പരിപാടിയുടെ ടിക്കറ്റ് എടുക്കുമ്പോൾ, അവസാന നിമിഷം വൻകിട കമ്പനികൾ നൂറുകണക്കിന് ഡോളർ അധികമായി ഈടാക്കുന്നത് സാധാരണക്കാരോടുള്ള അനാദരവാണ്. ഇത്തരം ചൂഷണങ്ങൾ ഇനി നഗരത്തിൽ അനുവദിക്കില്ല,” മേയർ മാംദാനി ക്വീൻസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫെഡറൽ ട്രേഡ് കമ്മീഷനിൽ പ്രവർത്തിച്ചു പരിചയമുള്ള സാം ലെവിനെയാണ് ഈ വകുപ്പിനെ നയിക്കാൻ മേയർ നിയോഗിച്ചിരിക്കുന്നത്. സിറ്റി കൗൺസിലുമായി സഹകരിച്ച് രാജ്യത്തെ ഏറ്റവും മികച്ച ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ന്യൂയോർക്കിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *