ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം.
ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍ ആരോഗ്യത്തിന്റെ അംബാസഡര്‍മാരായി മാറും. കുഞ്ഞുങ്ങളില്‍ നിന്ന് വീട്ടിലേക്ക്, വീട്ടില്‍ നിന്നും നാട്ടിലേക്ക് എന്നുള്ളതാണ് ലക്ഷ്യം. ഓരോ കുഞ്ഞിനും ശാരീരികവും മാനസികവുമായിട്ടുള്ള ആരോഗ്യം ഉറപ്പാക്കി ശരീരത്തിന്റേയും മനസിന്റേയും ബുദ്ധിയുടേയും വളര്‍ച്ച ഉറപ്പാക്കുക എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്. തൊട്ടടുത്തുതന്നെ ഇതിന്റെ ഉദ്ഘാടനം ഉണ്ടാകുന്നതാണ്. ഇതോടൊപ്പം കുഞ്ഞുങ്ങള്‍ക്ക് ഒരു ഹെല്‍ത്ത് കാര്‍ഡ് ക്രമീകരിച്ചു കൊണ്ടായിരിക്കും ആരോഗ്യ കാര്യങ്ങള്‍ അവലോകനം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനുവരി 6 ദേശീയ വിര വിമുക്ത ദിനമാണ്. കുഞ്ഞുങ്ങളുടെ വിളര്‍ച്ച ഒഴിവാക്കുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് വിരബാധ ഒഴിവാക്കുക എന്നത്. വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ തന്നെ ഒരു ദിനാചരണം സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒന്നു മുതല്‍ 14 വയസ് വരെയുള്ള കുട്ടികളില്‍ 64 ശതമാനം കുഞ്ഞുങ്ങളില്‍ വിരബാധയ്ക്ക് സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. ആ സാധ്യത കണക്കിലെടുത്തുകൊണ്ട് ക്ലിനിക്കല്‍ ആയിട്ടുള്ള ഇടപെടലുകള്‍ നടത്തുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. 1 മുതല്‍ 19 വയസുവരെ പ്രായമുളള കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലൂടെ ഗുളിക നല്‍കിയത്. ഇന്ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുന്നതാണ്. നമ്മുടെ കുഞ്ഞുങ്ങളെ വിര വിമുക്തമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നല്‍കുക എന്നുള്ളത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ആര്‍.സി. ബീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷീബ. എല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷിബു പ്രേംലാല്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. അനോജ്, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ശില്പ ബാബു തോമസ്, നെടുങ്കാട് GUPS ഹെഡ് മിസ്‌ട്രെസ് ഷബീന ജാസ്മിന്‍ ടി.ആര്‍., പിടിഎ പ്രസിഡന്റ് ഗീതു ജി.എസ്., ചീഫ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഓഫീസര്‍ സുജ പി.എസ്. എന്നിവര്‍ പങ്കെടുത്തു.