
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് ഉറപ്പാക്കും: മന്ത്രി ജി.ആർ. അനിൽ7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.കേരളത്തിൽ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. നിലവിലെ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എ എ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങൾക്കാണ് മുൻഗണനാ കാർഡുകൾ നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 ലക്ഷത്തിലധികം കാർഡുകൾ പുതുതായി നൽകുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നൽകിയതായും മന്ത്രി പറഞ്ഞു.
പുതിയ റേഷൻ കാർഡുകൾക്കായി ജനുവരി 15 മുതൽ 30 വരെ അപേക്ഷിക്കാം. ജനുവരി മാസത്തോടു കൂടി കേരളത്തിൽ അർഹനായ ഒരാൾ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ വി വി രാജേഷ്, പൊതുവിതരണ വകുപ്പ് കമ്മീഷണർ ഹിമ കെ തുടങ്ങിയവർ പങ്കെടുത്തു.