ഡെന്മാര്ക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കേരളത്തിന്റെ പാലിയേറ്റീവ് കെയര്‍ സംവിധാനത്തെ അഭിനന്ദിച്ച് ഡെന്‍മാര്‍ക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞു. വയോജന പരിപാലനത്തിലും പാലിയേറ്റീവ് കെയറിലും കേരളത്തിന്റെ പിന്തുണ സംഘം അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തുകയായിരുന്നു സംഘം.
വയോജന പരിപാലനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജന പരിപാലനത്തിനായി ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വയോജന പരിപാലനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കി ജെറിയാട്രിക് വിഭാഗം ആരംഭിച്ചു. പാലീയേറ്റീവ് രോഗികളുടെ പരിചരണത്തിനായി സമഗ്ര പാലിയേറ്റീവ് കെയര്‍ പദ്ധതി ‘കേരള കെയര്‍’ ആരംഭിച്ചു. എല്ലാ കിടപ്പ് രോഗികള്‍ക്കും പരിശീലനം സിദ്ധിച്ച ഒരു സന്നദ്ധ സേവകന്റെ സേവനം ഉറപ്പാക്കി. ഗൃഹാധിഷ്ഠിത പരിചരണം ഉറപ്പാക്കാനായി പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാനുള്ള താത്പര്യം ഡെന്‍മാര്‍ക്ക് സംഘം അറിയിച്ചു. കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്‍ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്‌സും ഡെന്മാര്‍ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മിലുളള കരാര്‍ ജനുവരി 8ന് കൈമാറും.
ഡെന്‍മാര്‍ക്ക് സംഘം നഴ്‌സിംഗ് കോളേജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായും സംഘം സംവദിച്ചു.
ഡെന്മാര്‍ക്ക് മിനിസ്റ്റര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്‍സന്‍, മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസന്‍സ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി കിര്‍സ്റ്റന്‍ ഹാന്‍സന്‍, മിനിസ്റ്റീരിയല്‍ സെക്രട്ടറി ഫീ ലിഡാല്‍ ജോഹാന്‍സന്‍, സീനിയര്‍ അഡൈ്വസര്‍ എസ്പന്‍ ക്രോഗ്, എംബസിയില്‍ നിന്നും ഹെഡ് ഓഫ് സെക്ടര്‍ പോളിസി എമില്‍ സ്റ്റോവ്രിംഗ് ലോറിറ്റ്‌സന്‍, ഹെല്‍ത്ത് കൗണ്‍സിലര്‍ ലൂയിസ് സെവല്‍ ലുണ്ട്‌സ്‌ട്രോം, പ്രോഗ്രാം ഓഫീസര്‍ നികേത് ഗെഹ്‌ലാവത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
