
സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ പിങ്കത്തോൺ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിൽ 
സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്തനാർബുദമാണ്. സംസ്ഥാനത്ത് ഒൻപത് സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ പോലും ഭയം കൊണ്ടോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയോ പലരും അത് മറച്ചുവെക്കാൻ ശ്രമിക്കുന്നു. എന്നാൽ രോഗം ആരംഭത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്നതാണെന്ന സന്ദേശം ഓരോരുത്തരിലും എത്തിക്കുക എന്നത് പ്രധാനമാണ്.
കേരളത്തെ ഒരു മികച്ച കാൻസർ ചികിത്സാ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി വികേന്ദ്രീകൃത കീമോതെറാപ്പി സംവിധാനങ്ങളും 14 ജില്ലകളിലും ജില്ലാ കാൻസർ പ്രോഗ്രാമുകളും നടപ്പിലാക്കി വരുന്നു. കേരളത്തിലുടനീളം ഒരു ‘കാൻസർ ഗ്രിഡ്’ രൂപീകരിക്കുകയും ലാബ് നെറ്റ്‌വർക്കുകൾ സജ്ജമാക്കുകയും ചെയ്തു. കൂടാതെ, സംസ്ഥാനത്തെ 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സ്തനാർബുദ പരിശോധന ഉൾപ്പെടെയുള്ള സ്‌ക്രീനിംഗ് സൗകര്യങ്ങൾ അവിടെ ലഭ്യമാണ്. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സ്‌ക്രീനിംഗിൽ 21 ലക്ഷം ആളുകളെ പരിശോധിച്ചതിൽ നിന്നും 290 പുതിയ സ്തനാർബുദ കേസുകളും മുന്നൂറോളം പ്രീ-കാൻസർ കേസുകളും കണ്ടെത്താൻ സാധിച്ചു. രോഗം നേരത്തെ കണ്ടെത്തുന്നത് വഴി പൂർണ്ണമായി ഭേദമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ഇതിനായി ആരോഗ്യ പ്രവർത്തകർക്കും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ആർ സി സി ഡയറക്ടർ ഡോ ആർ രജനീഷ് കുമാർ, മെഡിക്കൽ കോളേജ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജ മോൾ ജേക്കബ്, കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി പ്രസിഡന്റ് ഡോ. സുചിത്ര സുധീർ, സെക്രട്ടറി ഡോ. സുഭാഷ് മലയ്യ, ഭാരവാഹികളായ ഡോ. ഉഷ മേനോൻ, ഡോ. സമ്പത്ത് കുമാരി, ഡോ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.