കുട്ടിക്ക് നേരെ ക്രൂരത: കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി

Spread the love

കാൻസസ് : അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ് പരാതി.

ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്‌സ്ട്രീറ്റ് (36) എന്നിവർക്കെതിരെ ശിശു പീഡനത്തിനും കുട്ടിയുടെ ജീവൻ അപകടപ്പെടുത്തിയതിനും പോലീസ് കേസെടുത്തു.

ഡിസംബർ 7-ന് കുട്ടികളെ തിരികെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകൾ ചുവന്നുതടിച്ചിരിക്കുന്നതായും ഐസ് പോലെ തണുത്തിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ട അമ്മ കാര്യം തിരക്കി. പിതാവിന്റെ വീട്ടിൽ ക്രിസ്മസ് മരം അലങ്കരിക്കുമ്പോൾ താൻ എന്തുകൊണ്ട് പങ്കുചേർന്നില്ല എന്ന് ചോദിച്ചപ്പോഴാണ് കുട്ടി നടന്ന കാര്യങ്ങൾ വിവരിച്ചത്.

മൂത്രമൊഴിച്ചതിന് ശിക്ഷയായി അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്തെ പോർച്ചിൽ നിർത്തുകയായിരുന്നു.

കുടുംബം മുഴുവൻ ഉള്ളിൽ ക്രിസ്മസ് മരം ഒരുക്കുമ്പോൾ തനിക്ക് അതിന് യോഗ്യതയില്ലെന്ന് ഇവർ പറഞ്ഞു.
തടികൊണ്ടുള്ള തവി ഉപയോഗിച്ച് തന്നെ മർദ്ദിച്ചതായും കുട്ടി പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സംഭവദിവസം പുറത്തെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയായിരുന്നു (28 – 30 ഡിഗ്രി ഫാരൻഹീറ്റ്). ഏകദേശം 50 മിനിറ്റോളം കുട്ടിയെ തണുപ്പിൽ നിർത്തിയതായാണ് കുട്ടിയുടെ സഹോദരൻ നൽകിയ മൊഴി. കൂടാതെ ശിക്ഷയുടെ ഭാഗമായി ബാത്ത് ടബ്ബിൽ ഇരുത്തിയാണ് കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികൾ നിലവിൽ ജാമ്യത്തിലാണ്. കേസിന്റെ അടുത്ത വാദം ചൊവ്വാഴ്ച നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *