മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ള രീതിയില്‍ പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാന്‍ കേരള നിയമസഭ തയ്യാറാകണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഈ വിഷയത്തില്‍ കേരള മുഖ്യമന്ത്രി തെലുങ്കാന, കര്‍ണ്ണാടക സര്‍ക്കാരുകളെ മാതൃകയാക്കണം. തെലുങ്കാന സര്‍ക്കാര്‍ പുതിയ തൊഴിലുറപ്പ് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠേന നിയമസഭയില്‍ പ്രമേയം പാസാക്കി. കര്‍ണ്ണാടക സര്‍ക്കാരും ഇൗ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും തൊഴില്‍ അവകാശം സംരക്ഷിക്കുന്നവിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളുടെ ഭാഗമായി ലോക്ഭവനു മുന്നില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
തെലുങ്കാനയില്‍ ഗ്രാമസഭകളിലും ഇത്തരം പ്രമേയം പാസാക്കി. സമാന രീതിയില്‍ കേരളത്തിലും ഗ്രാമസഭകള്‍ വിളിച്ചുകൂട്ടണം.ലോക്സഭയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി സംവാദത്തിന് തയ്യാറാകണം. നേരത്തെ ഇക്കാര്യം താന്‍ ആവശ്യപ്പെട്ടതാണ്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ സംസ്ഥാന വിഷയങ്ങള്‍ ഉന്നയിക്കാത്ത ഒരു പാര്‍ലമെന്റ് സമ്മേളനവും ഉണ്ടായിട്ടില്ല. ഇടത് എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും പ്രവര്‍ത്തനം താരതമ്യം ചെയ്താല്‍ മുഖ്യമന്ത്രിക്ക് അത് ബോധ്യമാകും.
സ്വന്തം മുന്നണിയിലെ സിപിഐ പോലും അറിയാതെ പിഎം ശ്രീയില്‍ ആര്‍എസ് എസ് അജണ്ടയ്ക്കായി ഒപ്പിട്ട മുഖ്യമന്ത്രിക്ക് കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ എന്തു ധാര്‍മിക അവകാശമാണുള്ളത്. പിഎം ശ്രീ വിഷയത്തില്‍ ഉണ്ടാക്കിയ സബ് കമ്മിറ്റി എവിടെയാണ് ? മുഖ്യമന്ത്രിക്കും ബിനോയ് വിശ്വത്തിനും ഇതില്‍ എന്താണ് പറയാനുള്ളത്.ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ സമരം ചെയ്യാന്‍ ധൈര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ചെയ്യേണ്ടിയിരുന്നത് ലോക്ഭവന് മുന്നിലായിരുന്നു.ഗവര്‍ണ്ണക്കെതിരെ പുറത്തു വലിയ സമരം സംഘടിപ്പിച്ച ശേഷം വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും സമരസപ്പെടുന്നതാണ് സിപിഎമ്മിന്റെ ശൈലി. അതിനാല്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ മുഖ്യമന്ത്രി വരണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക കരിനിയമങ്ങളെ പോലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ നിയമഭേദഗതിയും കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരും.ദരിദ്ര ജനവിഭാഗങ്ങളുടെ തൊഴില്‍ അവകാശങ്ങളുടെ അടിത്തറയായ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ നിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തു. ജനാഭിലാഷത്തിന് എതിരായ നിയമത്തെ ഒരു ചര്‍ച്ചപോലുമില്ലാതെ ബുള്‍ഡോസ് ചെയ്യുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.ഈ പദ്ധതിയുടെ പേര് മാറ്റിയതിലൂടെ ഗാന്ധിയന്‍ ആശയങ്ങളെ ബിജെപിയും സംഘപരിവാറും ഒരിക്കല്‍ കൂടി കൊന്നിരിക്കുകയാണ്.ആര്‍എസ്എസിന്റെ ഗെയിംപ്ലാനാണിതിന് പിന്നില്‍.
തൊഴില്‍ അവകാശം കവര്‍ന്നെടുത്ത പുതിയ ഭേദഗതികള്‍ പലതും ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. വേതനത്തിന്റെ വിഹിതത്തില്‍ മാറ്റംവരുത്തിയതോടെ സംസ്ഥാനങ്ങള്‍ക്കത് ബാധ്യതയായി.തൊഴില്‍ നല്‍കാനുള്ള അവകാശം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ മാത്രം ചുരുക്കി അധികാര വികേന്ദ്രീകരണം അട്ടിമറിച്ചു. ബയോമെട്രിക് സംവിധാനത്തിലൂടെ തൊഴിലവസരം നല്കുന്ന വ്യവസ്ഥ ഈ പദ്ധതിയില്‍ നിന്ന് തൊഴിലാളികളെ അകറ്റാനാണെന്നും വേണുഗോപാല്‍ പറഞ്ഞു.