ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: ആവേശകരമായ പങ്കാളിത്തത്തോടെ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായി

Spread the love

സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന വിദ്യാലയങ്ങൾ മാറി. രാവിലെ 11 ന് ആരംഭിച്ച ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ സർവ്വകലാശാലകൾ, കോളേജുകൾ ഉൾപ്പെടെ എഴുന്നൂറ്റൻപതോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.എന്റെ കേരളം പ്രത്യേക പതിപ്പിനെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ ചരിത്രവും വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. www.cmmegaquiz.kerala.gov.in മുഖേന സ്‌കൂൾ, കോളേജ് നോഡൽ ഓഫീസർമാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്താണ് മത്സരം നടത്തിയത്. പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളുമായിരുന്നു. വീണ്ടും സമനില വന്ന സാഹചര്യങ്ങളിൽ പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിച്ചു. മൂല്യനിർണയം പൂർത്തിയാക്കി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും വിജയികളായ രണ്ടു പേരുൾപ്പെടുന്ന രണ്ടു ടീമുകളെ അടുത്തഘട്ട മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി മൂന്നാം വാരത്തോടെ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരത്തിന് സമാപനമാകും.

 

Author

Leave a Reply

Your email address will not be published. Required fields are marked *