നരകത്തീയില്‍ വെന്ത് മരിക്കണമെന്ന ശാപവാക്ക് ചൊരിഞ്ഞവര്‍ മാണി സാറിന് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചത് സന്തോഷകരം : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (16/01/2026).

നരകത്തീയില്‍ വെന്ത് മരിക്കണമെന്ന ശാപവാക്ക് ചൊരിഞ്ഞവര്‍ മാണി സാറിന് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചത് സന്തോഷകരം; സര്‍ക്കാര്‍ തീരുമാനത്തിന് യു.ഡി.എഫ് നിമിത്തമായതില്‍ സന്തോഷം; ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സങ്കടപ്പെടുന്നവര്‍ക്ക് സി.പി.എം നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ഒരു സങ്കടവുമില്ല; ഐഷ പോറ്റി പോയതിന്റെ കടം തീര്‍ക്കാന്‍ ഷാനി മോള്‍ ഉസ്മാന്‍ സി.പി.എമ്മില്‍ ചേരുമെന്ന വ്യാജ പ്രചരണം എ.കെ.ജി സെന്ററില്‍ ഇരിക്കുന്നവര്‍ നടത്തുന്നു; ശബരിമലയില്‍ അന്‍പത് വര്‍ഷം മുന്‍പുള്ളത് അന്വേഷിച്ചാലും സി.പി.എം നേതാക്കളുടെ സ്വര്‍ണക്കൊള്ള മറയ്ക്കാനാകില്ല.

തിരുവനന്തപുരം : കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്നോ അവര്‍ യു.ഡി.എഫിലേക്ക് തിരിച്ച് വരുമെന്നോ പറഞ്ഞിട്ടില്ല. അവര്‍ ഇടതു മുന്നണിയില്‍ നില്‍ക്കുന്ന കക്ഷിയാണ്. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണം. അദ്ദേഹത്തിന് സ്മാരകം വേണം. പഠനങ്ങളും നടക്കണം. സ്മാരകത്തിനുള്ള സ്ഥലം കിട്ടുന്നതിനു വേണ്ടി ഞങ്ങള്‍ കൂടി നിമിത്തമായതില്‍ സന്തോഷമുണ്ട്. ഇത്രയും വര്‍ഷമായി നല്‍കാത്ത സ്ഥലമാണ് ഇപ്പോള്‍ നല്‍കിയത്. കെ.എം മാണിയെ അപമാനിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. നരക തീയില്‍ വെന്ത് മരിക്കണമെന്ന് മാണി സാര്‍ ജീവിച്ചിരുന്നപ്പോള്‍ പ്രസംഗിച്ച ആളുകളാണ് സി.പി.എം നേതാക്കള്‍. നരക തീയില്‍ വെന്ത് മരിക്കണമെന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു. അതിന് ഞങ്ങള്‍ കൂടി നിമിത്തമായത് സന്തോഷകരമാണ്.

സ്ത്രീകളെ ആര് അപമാനിച്ചാലും അത് അനുവദിക്കില്ല. അങ്ങനെയുള്ളവര്‍ക്ക് താക്കീത് നല്‍കും. ആവര്‍ത്തിച്ചാല്‍ അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്ക് എന്തൊരു സങ്കടമാണ്. എത്രയോ സി.പി.എം നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയി. അപ്പോഴൊന്നും സി.പി.എം നേതാക്കള്‍ക്ക് ഒരു സങ്കടവുമില്ല. ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴാണ് വിഷമം. എ.കെ.ജി സെന്ററില്‍ ഇരുന്ന് സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നവര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. ഷാനി മോള്‍ സി.പി.എമ്മില്‍ ചേരുമെന്നു വരെ വാര്‍ത്ത നല്‍കി. പിതാവ് മരിച്ച് വീട്ടില്‍ ഇരിക്കുന്ന ഷാനി മോളെ വരെ അപമാനിച്ചു. എന്നെ കുറിച്ച് 10 കാര്‍ഡുകള്‍ എല്ലാ ദിവസവും ഇറക്കുന്നുണ്ട്. ലോക കണ്ട ഏറ്റവും വലിയ കൊള്ളക്കാരന്‍ എന്നൊക്കെയാണ് കാര്‍ഡ് ഇറക്കുന്നത്. അതിലൊന്നും വിരോധമില്ല. നെഗറ്റീവ് ആണെങ്കിലും അതെല്ലാം എനിക്ക് ഗുണമായാണ് മാറുന്നത്. പത്ത് കാര്‍ഡുകള്‍ 20 ആക്കാന്‍ പറ്റുമോയെന്ന് നോക്കണം. എ.കെ.ജി സെന്ററില്‍ ഇരുന്ന് ഇതൊക്കെ നിയന്ത്രിക്കുന്നവരെ അറിയാമെന്ന് പറഞ്ഞാപ്പോള്‍ ഒരാള്‍ രംഗപ്രവേശം ചെയ്തു. കോഴികട്ടവന്‍ തലയില്‍ പപ്പുണ്ടോയെന്ന് തപ്പി നോക്കുമെന്ന് പറയുന്നതു പോലെയാണ്. അത് എന്നെ മാത്രം ഉദ്ദേശിച്ചാണെന്നു പറഞ്ഞാണ് ഒരാള്‍ രംഗപ്രവേശം ചെയ്തത്. ഐഷ പോറ്റി പോയതിന്റെ കടം തീര്‍ക്കുന്നത് പിതാവ് മരിച്ച് ദുഖിതയായി ഇരിക്കുന്ന കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മില്‍ ചേരുമെന്ന വ്യാജപ്രചരണം നടത്തിയാണ്. എ.കെ.ജി സെന്ററില്‍ നിന്ന് ഇനി ശരിയായ കാര്യം പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥയാണ്. പ്രായമായവരെ കൊണ്ടു വന്നതാണ് എം.വി ഗോവിന്ദന് പ്രശ്‌നമെങ്കില്‍ അടുത്ത തവണ ചെറുപ്പക്കാരെ നോക്കാം. പ്രായമായവര്‍ മോശക്കാരാണോ. എം.വി ഗോവിന്ദന്‍ പിണറായി വിജയനെ ഉദ്ദേശിച്ച് പറഞ്ഞതാകാം. പ്രായമായവര്‍ മാറാന്‍ സമയമായെന്നാകും ഉദ്ദേശിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല വിവിധ വ്യക്തികളും സമൂഹങ്ങളും സോഷ്യല്‍ ഗ്രൂപ്പുകളും യു.ഡി.എഫിലേക്ക് തിരിച്ച് വരും. ഒരു പാര്‍ട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. പക്ഷെ എന്‍.ഡി.എയിലും എല്‍.ഡി.എഫിലുമുള്ള കക്ഷികള്‍ യു.ഡി.എഫില്‍ ചേരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ തന്നെ എന്‍.ഡി.എയിലെ കക്ഷി യു.ഡി.എഫില്‍ ചേര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫില്‍ നിന്നുള്ള വ്യക്തികള്‍ ഇപ്പോഴും യു.ഡി.എഫില്‍ ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്നും വയനാട്ടില്‍ ഒരു സി.പി.എം നേതാവ് പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ രാഷ്ട്രീയമായ അടിത്തറ വിപുലീകരിക്കും. അത് കേരള കോണ്‍ഗ്രസാണെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഉജ്ജ്വലമായ രാഷ്ട്രീയ വിജയം നേടി നില്‍ക്കുന്ന യു.ഡി.എഫ് ദുര്‍ബലമാണെന്ന് ശത്രുക്കള്‍ പോലും പറയില്ല. ഇരട്ടിയും നാലിരട്ടിയും അഞ്ചിരട്ടിയും ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. ഉപതിരിഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിജയിച്ച് നില്‍ക്കുന്ന യു.ഡി.എഫ് ദുര്‍ബലമെന്ന് പറയുന്നവര്‍ അങ്ങനെ തന്നെ വിചാരിച്ചാല്‍ മതി. ടീം യു.ഡി.എഫായി നില്‍ക്കുമ്പോഴാണ് എല്‍.ഡി.എഫില്‍ പരസ്പരവിശ്വാസമില്ലായ്മയും സംശയവുമായി നില്‍ക്കുന്നത്. പത്ത് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ എല്‍.ഡി.എഫ് ശിഥിലമാകുകയാണ്. യു.ഡി.എഫ് ടീം യു.ഡി.എഫായി നില്‍ക്കുകയാണ്.

ശബരിമലയില്‍ അന്‍പത് വര്‍ഷം മുന്‍പുള്ളതും അന്വേഷിക്കട്ടെ. എന്ത് അന്വേഷിച്ചാലും ഇപ്പോള്‍ നടത്തിയ സ്വര്‍ണക്കൊള്ള മറയ്ക്കാനാകുമോ? സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ സോണിയ ഗാന്ധിയുടെ പേര് വരെ വലിച്ചിഴച്ചു. എന്ത് ചെയ്താലും സി.പി.എം നേതാക്കളും പാര്‍ട്ടി അനുഭാവികളായ ജീവനക്കാരും അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുകയാണ്. ഇനിയും ചിലര്‍ പുറത്ത് നില്‍ക്കുന്നുണ്ട്. അവരെയെല്ലാം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മും ശ്രമിക്കുകയാണ്. ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സി.പി.എമ്മിന് പേടിയാണ്. കോടതി ഇടപെട്ടപ്പോഴാണ് ഇന്നലത്തെ അറസ്റ്റ് പോലും നടന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *