കേരളത്തിന്റെ തൊഴിൽ സംസ്കാരത്തിൽ പുതിയൊരു അധ്യായത്തിന് ഇന്ന് കൊട്ടാരക്കരയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ സെന്ററായ ‘കമ്മ്യൂൺ’ നാടിന് സമർപ്പിച്ചു. ഐടി പാർക്കുകൾക്ക് തുല്യമായ ആധുനിക സൗകര്യങ്ങളോടെ, വീടിനടുത്ത് തന്നെയിരുന്ന് ജോലി ചെയ്യാനുള്ള ഈ സംവിധാനം പ്രൊഫഷണലുകൾക്കും ഫ്രീലാൻസർമാർക്കും വലിയ ആശ്വാസമാകും. ബിഎസ്എൻഎൽ കെട്ടിടത്തിൽ പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ ഒരുക്കിയ ഈ കേന്ദ്രം കൊട്ടാരക്കരയെ ഒരു ഐടി ഹബ്ബാക്കി മാറ്റുന്നതിനുള്ള ചുവടുവെപ്പാണ്. കെഫോൺ വഴി ലഭ്യമായ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇത്തരം കേന്ദ്രങ്ങളെ കേരളത്തിലെവിടെയിരുന്നും ജോലി ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുകയാണ്.
അറിവിനെ ഉത്പാദനക്ഷമതയാക്കി മാറ്റുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി കേരളത്തെ മാറ്റുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒൻപതോളം കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. പ്രാദേശികമായ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഐടി കയറ്റുമതിയിൽ റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറുന്ന കേരളം, സ്റ്റാർട്ടപ്പുകൾക്കും നൂതന സാങ്കേതികവിദ്യകൾക്കും ഏറ്റവും അനുയോജ്യമായ മണ്ണായി മാറിക്കഴിഞ്ഞു. വികസനത്തിന്റെ പുതിയ പാതയിലൂടെ നവകേരള നിർമ്മിതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.