
ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘പറന്നുയരാം കരുത്തോടെ’ സംസ്ഥാനതല ക്യാമ്പയിന് തുടക്കമായി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ രംഗത്ത് ആനുപാതികമായ പങ്കാളിത്തം ഇനിയും നേടാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിവാഹം, പ്രസവം തുടങ്ങിയ ജീവിത സാഹചര്യങ്ങൾ സ്ത്രീകളുടെ കരിയറിൽ തടസ്സമാകരുത്. വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സ്കില്ലിംഗ്, അപ്സ്കില്ലിംഗ് പ്രോഗ്രാമുകളിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.ജോലി തേടിപ്പോകുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നുവെന്നും സിനിമയടക്കമുള്ള തൊഴിലിടങ്ങളിൽ പോഷ് (POSH) നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.