
ഓരോ ഭിന്നശേഷി വ്യക്തിയും നാടിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നമ്മുടെ സമൂഹം ഭിന്നശേഷിക്കാരെ നല്ല മനോഭാവത്തോടെയാണ് ഇപ്പോൾ കാണുന്നത്. തുല്യത എന്ന ബോധം നാടിനുണ്ട്. അതുകൊണ്ടാണ് ഭിന്നശേഷി ക്ഷേമത്തിൽ നിന്ന് ഭിന്നശേഷി അവകാശത്തിലേക്ക് നാം ചുവടുമാറ്റിയത്. നിങ്ങൾ ഓരോരുത്തരും നാടിന്റെ അഭിമാനമാണ്,’ തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്നുവന്ന ഭിന്നശേഷിക്കാർക്കായുള്ള ‘സവിശേഷ’ സർഗോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.ഞങ്ങൾക്ക് കഴിയാത്തത് ഒന്നുമില്ല എന്ന ഭിന്നശേഷി സമൂഹത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് ‘സവിശേഷ’. കഴിവുകൾക്ക് അതിരുകളില്ല എന്ന് നിങ്ങൾ തെളിയിച്ചു. നിങ്ങളുടെ മനക്കരുത്ത് യുവതലമുറയ്ക്ക് പാഠമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ അപേക്ഷ നൽകിയ എല്ലാവർക്കും മുച്ചക്ര വാഹനവും ഇ-വീൽചെയറും വിതരണം ചെയ്യുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ആശ്വാസകിരണം പദ്ധതിയുടെ പ്രയോജനം 27,000 ത്തിൽ കൂടുതൽ പേർക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.