പുതുതലമുറയുടെ ഡിജിറ്റല്‍ അഡിക്ഷന്‍ ആപത്കരം : ബ്രഹ്മോസ് എംഡി ഡോ. ജെ.ആര്‍.ജോഷി

Spread the love

ബോധവത്കരണവുമായി മണപ്പുറം ഫൗണ്ടേഷന്‍

ഹൈദരാബാദ്: മണപ്പുറം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ മാനസികാരോഗ്യ ബോധവത്ക്കരണ പരമ്പരയുടെ നാലാം പതിപ്പിന് രാജ്യത്തെ ഐടി കേന്ദ്രമായ ഹൈദരാബാദില്‍ മികച്ച പ്രതികരണം. ഐ.ടി.സി. കകാടിയ ഹോട്ടലില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായഡോ. ജെയ്തീര്‍ഥ് ആര്‍. ജോഷി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെയും കൗമാരക്കാരുടെയും ഡിജിറ്റല്‍ അഡിക്ഷന്‍ അപകടകരമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ മാനസിക പ്രത്യാഘാതങ്ങള്‍ സമൂഹം അതീവഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ഡോ. ജോഷി ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിനൊപ്പം അതുപയോഗിക്കുന്നവരുടെ മാനസികാരോഗ്യ സംരക്ഷണത്തിനും തുല്യ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരു നിംഹാന്‍സ് പ്രൊഫസറും ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ വിദഗ്ധനുമായ ഡോ. മനോജ് ശര്‍മ ബോധവത്കരണ പരിപാടി നയിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലുള്ള അമിതമായ ആശ്രിതത്വം യുവാക്കളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ തകര്‍ക്കുകയും പലതരത്തിലുള്ള മാനസിക രോഗങ്ങള്‍ക്ക അവരെ അടിമകളാക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ വിവേകപൂര്‍വം ഉപയോഗപ്പെടുത്തുകയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് കൃത്യമായ ഇടവേളകള്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഡോ. ശര്‍മ പറഞ്ഞു.

ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡി വി. പി. നന്ദകുമാര്‍ ഡോ. ജെ.ആര്‍. ജോഷിയെ ആദരിച്ചു. പ്രതിരോധ സാങ്കേതിക മേഖലയില്‍ ഡോ. ജെ. ആര്‍. ജോഷി നല്‍കുന്ന വിലപ്പെട്ട സംഭാവനകള്‍ക്ക് നിസ്തുലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ലോകോത്തര സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ആഗോള തലത്തില്‍ ഇന്ത്യയുടെ സാങ്കേതിക മികവിന്റെ പ്രതീകമായി മാറിയിട്ടുണ്ട്. ജെ. ആര്‍. ജോഷിയുടെ നേതൃത്വത്തില്‍ ബ്രഹ്മോസ് സാങ്കേതിക നവീകരണത്തിലും അന്താരാഷ്ട്ര അംഗീകാരത്തിലും തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചുകൊണ്ട് ഉയരങ്ങളില്‍ നിന്ന ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയാണെന്ന് വി.പി. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് സാമ്പത്തിക സേവനമേഖലയില്‍ ദീര്‍ഘകാലമായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി വരുന്ന മണപ്പുറം ഫിനാന്‍സ് എംഡി ശ്രീ. വി. പി. നന്ദകുമാറിന്റെ ദീര്‍ഘവീക്ഷണത്തെയും നേതൃപാടവത്തെയും ഡോ. ജെ. ആര്‍. ജോഷി അഭിനന്ദിച്ചു. മണപ്പുറം ഫൗണ്ടേഷനും മണപ്പുറം ഫിനാന്‍സും സംയുക്തമായി സംഘടിപ്പിച്ച പരിപാടയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 200ഓളം പ്രമുഖ ബിസിനസുകാരും പ്രൊഫഷണലുകളും സെമിനാറില്‍ പങ്കെടുത്തു. മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ കെ.എം. അഷ്‌റഫ് സ്വാഗതവും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ലീഡര്‍ സാജു ആന്റണി പാത്താടന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ ക്യാപ്ഷന്‍:
ഹൈദരാബാദില്‍ സംഘടിപ്പിച്ച മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ഡോ. ജയ്തീര്‍ഥ് ആര്‍. ജോഷിയെ മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍ ആദരിക്കുന്നു.
(ഇടത്തുനിന്ന് വലത്തോട്ട്) മണപ്പുറം ഫിനാന്‍സിന്റെ സീനിയര്‍ പി.ആര്‍.ഒ. കെ.എം. അഷറഫ്, ഐ.എസ്.എന്‍.ടി. ഹൈദരാബാദ് ചാപ്റ്ററിന്റെ ചെയര്‍മാന്‍ സൂര്യ പ്രകാശ് ഗജ്ജല, ബംഗളൂരു നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസര്‍ ഡോ. മനോജ് കുമാര്‍ ശര്‍മ്മ എന്നിവര്‍ സമീപം.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *