തിരുവനന്തപുരം: ആർത്തവകാലത്ത് സ്ത്രീകൾ നിരവധി ശാരീരിക–മാനസിക ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സാനിറ്ററി പാഡുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസൗകര്യങ്ങൾ. ശാരീരിക അസ്വസ്ഥതകൾ, ഇടയ്ക്കിടെ പാഡ് മാറ്റിവെയ്ക്കേണ്ടിവരുന്ന സാഹചര്യം, ഉപയോഗിച്ച പാഡുകളുടെ സുരക്ഷിത സംസ്കരണത്തിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവ പലർക്കും ആശങ്കയും അസൗകര്യവും സൃഷ്ടിക്കുന്ന വിഷയങ്ങളായി തുടരുകയാണ്. ഈ വെല്ലുവിളികൾക്ക് ഒരു പ്രായോഗിക പരിഹാരമെന്ന നിലയിലാണ് മെൻസ്ട്രൽ കപ്പുകൾ പരിഗണിക്കപ്പെടുന്നത്. പാഡുകളേക്കാൾ ഉപയോഗത്തിൽ കൂടുതൽ സൗകര്യമുള്ളതും, സുരക്ഷിതവും, പ്രകൃതിക്ക് ദോഷം വരുത്താത്തതുമായ മെൻസ്ട്രൽ കപ്പ് ആർത്തവദിനങ്ങളെ ആശ്വാസകരമാക്കാൻ സഹായിക്കും.
ശരിയായ രീതിയിൽ ഉപയോഗിക്കാൻ പരിശീലനം നേടിയാൽ, ആർത്തവകാലത്ത് പോലും ജോലി, യാത്ര, വ്യായാമം എന്നിവയടക്കം എല്ലാ പ്രവർത്തനങ്ങളും തടസ്സമില്ലാതെ നടത്താൻ മെൻസ്ട്രൽ കപ്പുകൾ ഉപയോഗപ്രദമാണ്. 5 മുതൽ 10 വർഷം വരെ ഉപയോഗിക്കാനാകുന്നതിനാൽ, ഒരിക്കൽ വാങ്ങിയാൽ ദീർഘകാലം ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പുകൾ സാമ്പത്തിക ലാഭവും ഉറപ്പാക്കുന്നു. നിരവധി കമ്പനികളുടെ മെൻസ്ട്രൽ കപ്പുകൾ വിപണിയിൽ ലഭ്യമാണ്. പക്ഷെ, സുരക്ഷയും സുഖപ്രദമായ അനുഭവവും ഉറപ്പാക്കാൻ, ഗുണമേന്മയുള്ള മെൻസ്ട്രൽ കപ്പുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള മിനി രത്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) എഫ്ഡിഎ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയൽ ഉപയോഗിച്ചാണ് മെൻസ്ട്രൽ കപ്പുകൾ നിർമ്മിക്കുന്നത്. ഇത്തരം ഗുണമേന്മയുള്ള ആർത്തവ കപ്പുകൾ ഉപയോഗിക്കുന്നത് ചർമ്മ അലർജി, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ‘തിങ്കൽ’, ‘വെൽവറ്റ്’ ‘കൂൾ കപ്പ്’ എന്നീ ബ്രാൻഡുകളിലാണ് എച്ച്എൽഎൽ മെൻസ്ട്രൽ കപ്പുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്നത്. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും, ആര്‍ത്തവ കപ്പുകളുടെ വിതരണത്തിനുമായി എച്ച്എല്‍എല്‍ ‘തിങ്കള്‍’ എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. എച്ച്എൽഎല്ലിന്റെ വിദ്യാഭ്യാസ, സാമൂഹിക വികസന വിഭാഗമായ എച്ച്എംഎയാണ് തിങ്കൽ കപ്പുകളുടെ വിതരണവും പദ്ധതിയുടെ ഭാഗമായ ബോധവൽക്കരണ പരിപാടികളും രാജ്യമെമ്പാടും നടിപ്പിലാക്കുന്നത്. തിങ്കൽ പദ്ധതിയിലൂടെ ഇതുവരെ 12 ലക്ഷത്തിലധികം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. ആഭ്യന്തര വിപണിയില്‍ വെല്‍വെറ്റ് കപ്പും വിദേശ വിപണിയില്‍ കൂള്‍ കപ്പുമാണ് എച്ച്എൽഎൽ വിതരണം ചെയ്തു വരുന്നത്.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കപ്പ് ഉപയോഗിക്കുന്നതിന് മുൻപും ശേഷവും അവ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. മെൻസ്ട്രൽ കപ്പുകൾ കൃത്യമായ ഇടവേളകളിൽ പുറത്തെടുക്കേണ്ടതാണ്. ആർത്തവ രക്തം ഒഴിവാക്കി വൃത്തിയാക്കാത്ത പക്ഷം ബാക്ടീരിയൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കപ്പ് എങ്ങനെ ഇൻസേർട്ട് ചെയ്യണമെന്നും, എങ്ങനെ പുറത്തെടുക്കണമെന്നും കൃത്യമായി മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. കപ്പ് ഉപയോഗിക്കുമ്പോൾ കൈകളുടെ ശുചിത്വവും ശ്രദ്ധിക്കണം. ശരിയായ നിലയിൽ ഉപയോഗിച്ചാൽ 8 മുതൽ 10 മണിക്കൂർ വരെ തുടർച്ചയായ സംരക്ഷണം ലഭിക്കും.
അനാവശ്യ ആശങ്കകൾ ഒഴിവാക്കാം
പലതരം ആശങ്കകളുടെ പേരിൽ ഇന്നും ചിലർ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ മടിക്കുന്നു. കപ്പ് നിറഞ്ഞുകവിഞ്ഞുപോകുമോ എന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാകാം. എന്നാൽ ഇത് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ തന്നെ മാറിപ്പോകുന്ന ഭയമാണ്. കപ്പ് നിറയുമ്പോൾ അത് തിരിച്ചറിയാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം. വസ്ത്രങ്ങളിലേക്കും മറ്റിടങ്ങളിലേക്കും പരക്കുന്നതിനുമുമ്പ് രക്തം കളഞ്ഞശേഷം വീണ്ടും കപ്പ് ഉപയോഗിക്കാനാകും.
ഗർഭധാരണത്തെ ബാധിക്കുമോ എന്നതാണ് മറ്റൊരു ആശങ്ക. എന്നാൽ മെൻസ്ട്രൽ കപ്പിനും ഗർഭധാരണത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മെൻസ്ട്രൽ കപ്പ് ശരീരത്തിനകത്ത് സ്ഥിരമായി വയ്ക്കുന്ന ഒന്നല്ല. ഗർഭപാത്രത്തിൽ നിന്ന് വരുന്ന ആർത്തവ രക്തം ശേഖരിക്കുക എന്നതാണ് മെൻസ്ട്രൽ കപ്പിന്റെ ലക്ഷ്യം.
ഏത് വലുപ്പത്തിലുള്ളത് തിരഞ്ഞെടുക്കണം?
പുതുതായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാനൊരുങ്ങുന്നവരെ കൂടുതലായി ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം, ഏത് വലുപ്പത്തിലുള്ള കപ്പ് തിരഞ്ഞെടുക്കണമെന്നതുതന്നെയാണ്. വിപണിയിൽ മെൻസ്ട്രൽ കപ്പുകൾ സാധാരണയായി സ്മോൾ, മീഡിയം, ലാർജ് എന്നീ വലുപ്പങ്ങളിൽ ലഭ്യമാണ്. എന്നാൽ എല്ലാവർക്കും ഒരേ വലുപ്പം അനുയോജ്യമല്ല. ശരീരഘടന, ആർത്തവകാലത്തെ രക്തസ്രാവത്തിന്റെ അളവ്, പ്രായം എന്നിവ കപ്പ് തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായി പരിഗണിക്കേണ്ട ഘടകങ്ങളാണ്. കുറഞ്ഞ രക്തസ്രാവമുള്ള കൗമാരപ്രായക്കാർക്ക് പൊതുവേ സ്മോൾ സൈസ് കപ്പുകളാണ് അനുയോജ്യമെന്ന് വിദഗ്ധർ പറയുന്നു. 20 വയസിനു മുകളിൽ വിവാഹിതരായ സ്ത്രീകൾക്ക് മീഡിയം സൈസ് മെൻസ്ട്രൽ കപ്പുകളാണ് സാധാരണയായി നിർദേശിക്കാറുള്ളത്. രണ്ടോ മൂന്നോ സ്വാഭാവിക പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ലാർജ് സൈസ് കപ്പുകളാണ് അനുയോജ്യം.
Anu Maria Thomas