റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സുവർണ്ണ മെഡൽ ശ്രീനിവാസ് കുൽക്കർണിക്ക്; ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

Spread the love

ലണ്ടൻ :  പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും കാൽടെക് (Caltech) പ്രൊഫസറുമായ ശ്രീനിവാസ് കുൽക്കർണിക്ക് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ (RAS) പരമോന്നത ബഹുമതിയായ ഗോൾഡ് മെഡൽ ലഭിച്ചു. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് തുടങ്ങിയ വിഖ്യാത ശാസ്ത്രജ്ഞർ മുൻപ് അലങ്കരിച്ചിട്ടുള്ള ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. സുബ്രഹ്മണ്യൻ ചന്ദ്രശേഖറാണ് ഇതിനുമുൻപ് ഈ മെഡൽ നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ.

പ്രപഞ്ചത്തിലെ മിന്നൽ പ്രതിഭാസങ്ങളെയും സ്ഫോടനങ്ങളെയും കുറിച്ചുള്ള പഠനത്തിന് അദ്ദേഹം നൽകിയ വിപ്ലവകരമായ സംഭാവനകളാണ് അവാർഡിന് അർഹനാക്കിയത്. മില്ലിസെക്കൻഡ് പൾസറുകൾ, ബ്രൗൺ ഡ്വാർഫുകൾ എന്നിവയുടെ കണ്ടെത്തലിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ സുധ മൂർത്തിയുടെ സഹോദരനാണ് ശ്രീനിവാസ് കുൽക്കർണി. കർണാടകയിലെ ഹൂബ്ലിയിൽ വളർന്ന അദ്ദേഹം ഐഐടി ഡൽഹിയിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

1982-ൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം ആദ്യത്തെ ‘മില്ലിസെക്കൻഡ് പൾസർ’ കണ്ടെത്തിയത്. പാലോമർ ഒബ്സർവേറ്ററിയിലെ ‘സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി’ (ZTF) എന്ന പ്രോജക്റ്റിന് നേതൃത്വം നൽകിയ അദ്ദേഹം പ്രപഞ്ചത്തിലെ മാറ്റങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

ഷാ പ്രൈസ്, ഡാൻ ഡേവിഡ് പ്രൈസ് തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹം മുൻപ് നേടിയിട്ടുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *