
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവൻ നായർ എന്ന ജീവചരിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. കെ ശ്രീകുമാർ പറഞ്ഞു. എം ടി വാസുദേവൻനായരെ സന്ദർശിച്ച്, അദ്ദേഹത്തോടൊപ്പം നിത്യവും അനുഗമിച്ച് പൂർത്തീകരിച്ചതാണ് കൃതി. വസ്തുതാപരമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാനുള്ള യാത്രയിൽ പലപ്പോഴും തന്റെ ആരോഗ്യം പ്രതിസന്ധിയിലായിട്ടുണ്ട്. എം ടി എന്ന മഹാനായ സാഹിത്യകാരനെ നാളത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത ദൗത്യമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു .
കോഴിക്കോട് ബീച്ചില്‍ നടന്നുവരുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ബാങ്കിന്റെ കോഴിക്കോട് റീജിയണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ പ്രമോദ് കുമാർ ടി വി പുരസ്കാരം സമ്മാനിച്ചു. എഴുത്തുകാരന് സക്കറിയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സക്കറിയ, മ്യൂസ് മേരി, സജയ് കെ വി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം നന്ദി പ്രകാശിപ്പിച്ചു.
Photo Caption: ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ബാങ്കിന്റെ കോഴിക്കോട് റീജിയണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ പ്രമോദ് കുമാർ ടി വിയിൽ നിന്നും ഡോ. കെ ശ്രീകുമാർ അവാർഡ് ഏറ്റുവാങ്ങുന്നു.