കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കണ്ണൂര്‍ ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം 24.1.26
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിനെ അവഹേളിക്കാനാണ് മോദി ശ്രമിച്ചത്. മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതിനായി മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവന് ത്യജിച്ച പാര്‍ട്ടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ഭയം കൊണ്ടാണ് ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ മറന്നുള്ള കോണ്‍ഗ്രസിനെതിരായ മോദിയുടെ പരാമര്‍ശം. അടിസ്ഥാന രഹിതമായ മോദിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ഗുജറാത്ത്, മണിപ്പൂര്‍ കലാപസമയത്ത് മോദിയുടെ സമീപനം എന്തായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാം. വര്‍ഗീയതയാണ് ബിജെപിയുടെ രാഷ്ട്രീയ അടിത്തറ. കേരളത്തില്‍ കേക്ക് നല്‍കുന്നവരാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവ പുരോഹിതരെ ചാണകം തീറ്റിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജനുവരി 27ന് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളുടെ മുന്നിലും വിശ്വാസ സംരക്ഷണ സംഗമവും മാര്‍ച്ചും
ശബരിമലയിലെ നഷ്ടപ്പെട്ട സ്വര്‍ണ്ണം ഇതുവരെ കണ്ടെത്തിയില്ല. തെളിവ് ശേഖരണത്തിന് പ്രധാനമാണത്. അതിലേക്ക് അന്വേഷണം സംഘം കടക്കുന്നില്ല.പ്രതികളായ സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ജനുവരി 27ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളുടെ മുന്നിലും വിശ്വാസ സംരക്ഷണ സംഗമങ്ങളും മാര്‍ച്ചും നടത്തും. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കാനാണ്.

ഉണ്ണി കൃഷ്ണന് പോറ്റിയുമായുള്ള ഫോട്ടോയുടെ പേരില്‍ അടൂര്‍ പ്രകാശിനെ കേസുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയാണ്? ഭരണസ്വാധീനമില്ലാത്ത അടൂര്‍ പ്രകാശിന് എങ്ങനെയാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സഹായിക്കാന്‍ കഴിയുകയെന്നും സണ്ണി ജോസഫ് ചോദിച്ചു.യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത്. പിണറായി വിജയന് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പാണ് കേസ് അന്വേഷിക്കുന്നത്.
*ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ അറ്റം മാത്രം;കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണം*
ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ സിപിഎം ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന് നടത്തിയ വെളിപ്പെടുത്തലുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. രക്തസാക്ഷികളുടെ ഫണ്ട് പോലും അപഹരിക്കുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സിപിഎം നേതൃത്വം നിഷേധിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണം.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 സമുചിതമായ ആചരിക്കുന്നതോടൊപ്പം പഞ്ചായത്ത് തലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
*കേരള പ്രദേശ് ഇലക്ഷന് കമ്മിറ്റി യോഗം ജനുവരി 27ന് കെപിസിസിയില്‍*
ഡല്‍ഹി ചര്‍ച്ചകളുടെ തുടര്‍ച്ചയായി കേരള പ്രദേശ് ഇലക്ഷന് കമ്മിറ്റി യോഗം ജനുവരി 27ന് കെപിസിസി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. 27 മുതല്‍ 29 വരെ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംഎല്‍എമാര്‍, പോഷകസംഘടനകളുടെ അധ്യക്ഷന്മാര് എന്നിവരുടെ യോഗവും കെപിസിസി ആസ്ഥാനത്ത് ചേരും. സീറ്റ് ചര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
