മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും
നാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്. മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കിഫ്ബിയിലൂടെ 23.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 27 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിക്കും.
മലയോര മേഖലയിലെയും ഗ്രാമ പ്രദേശത്തെയും നഗര പ്രദേശത്തെയും ജനങ്ങള്‍ക്ക് ഒരു പോലെ അഭയ കേന്ദ്രമായി ഈ ആശുപത്രി മാറുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2016ന് ശേഷം 30 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ഈ ആശുപത്രിയ്ക്കായി വിവിധ പദ്ധതികളിലൂടെ നടപ്പില്‍ വരുത്തിയിട്ടുള്ളത്. പുതിയ ആശുപത്രി കെട്ടിടം നിലവില്‍ വരുന്നതോടുകൂടി ദിനം പ്രതി 700 മുതല്‍ 1000 വരെ രോഗികള്‍ക്ക് ആശുപത്രി വഴിയുള്ള സേവനങ്ങള്‍ നല്‍കാനാകും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 4 ഒബ്സെര്വഷന് കിടക്കകളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഒരേ സമയം സേവനം ലഭ്യമാക്കുന്ന 9 ഒ.പി. റൂമുകള്‍, കുട്ടികള്‍ക്കായുള്ള ഒ.പി., ജനറല്‍ മെഡിസിന് ഒ.പി., ദന്തല്‍ ഒ.പി തുടങ്ങിയവയെല്ലാം ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2 ദന്തല്‍ ചെയറോട് കൂടിയ പ്രൊസീജിയര്‍ മുറി, നവീകരിച്ച ഫാര്‍മസി, മികച്ച ലബോറട്ടറി, പ്രതിദിനം 12 രോഗികള്‍ക്ക് സേവനം നല്കാന് കഴിയുന്ന നവീകരിച്ച ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റല്‍ എക്സ് റേ യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകള്‍, പുരുഷന്മാര്, കുട്ടികള്‍ തുടങ്ങിയവര്‍ക്കായി 32 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന മികച്ച സംവിധാനങ്ങളോട് കൂടിയ വാര്‍ഡുകള്‍, കേന്ദ്രീകൃത ശീതീകരണ സംവിധാനങ്ങളോട് കൂടിയ മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, ഫാര്‍മസി സ്റ്റോര്‍, കേന്ദ്രീകൃത ഓക്സിജന്‍ വിതരണ ശൃംഖല എന്നിവയും സജ്ജമാണ്.
