മുഖമില്ലാത്ത രാഷ്ട്രീയം: ജനവിധിയെ വഞ്ചിക്കുന്ന കേരള മോഡൽ ജെയിംസ് കുടൽ

Spread the love

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പിന് മുൻപ് നേതാവിനെ പ്രഖ്യാപിക്കാത്തത് വെറും തന്ത്രമല്ല; അത് ജനാധിപത്യത്തോട് നടത്തുന്ന കൃത്യമായ ചതിയാണ്.
വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നവർക്കു മുന്നിൽ തന്നെ, “ആർക്കാണ് നിങ്ങൾ അധികാരം നൽകുന്നത്” എന്ന അടിസ്ഥാന ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറാകാത്ത രാഷ്ട്രീയം, ജനങ്ങളെ ബുദ്ധിയില്ലാത്തവരായി കണക്കാക്കുന്നതിന്റെ തെളിവാണ്.

ഒരു പൗരൻ വോട്ട് ചെയ്യുന്നത് ചിഹ്നത്തിനോ പതാകയ്ക്കോ അല്ല.
അത് അധികാരം കൈമാറുന്ന ഒരു നിയമപരമായ സമ്മതപത്രമാണ്.
അധികാരം കൈകാര്യം ചെയ്യാൻ പോകുന്ന വ്യക്തിയെ മറച്ചുവെച്ചുകൊണ്ട് ആ സമ്മതം ചോദിക്കുന്നത് മോറൽ ഫ്രോഡാണ്.

തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾക്ക് നാവിൽ നിറയുന്നത് വികസനവാഗ്ദാനങ്ങളാണ്.
പക്ഷേ ആ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പോകുന്ന മുഖം ആരാണെന്ന് ചോദിച്ചാൽ രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കുന്നു.
ഈ മൗനം ലജ്ജയുടേതല്ല —
കണക്കുകൂട്ടലിന്റെയും ഭയത്തിന്റെയും മൗനമാണ്.

ജനവിധി കഴിഞ്ഞാൽ മാത്രമാണ് തിരശ്ശീല ഉയരുന്നത്. അപ്പോഴേക്കും വോട്ടർമാർ ചരിത്രത്തിലെ ഒരു കണക്കായി മാറിയിരിക്കും. പാർട്ടി ഓഫീസുകളുടെ അടച്ചകതകുകൾക്കുള്ളിൽ ഗ്രൂപ്പ് നേതാക്കളും അധികാരദാഹികളും ചേർന്ന് മുഖ്യമന്ത്രിയെ “തെരഞ്ഞെടുക്കും”.
ജനങ്ങൾ നോക്കി നിൽക്കും.
ഇതാണോ ജനാധിപത്യം?

“മുഖം പ്രധാനമല്ല, പാർട്ടിയാണ് പ്രധാനപ്പെട്ടത്” എന്ന വാചകം ഇപ്പോൾ പഴകിപ്പോയ രാഷ്ട്രീയ നുണയായി മാറിയിരിക്കുന്നു.
ഭരണകൂടത്തിന്റെ ദിശ നിശ്ചയിക്കുന്നത് വ്യക്തികളാണ്.
അധികാരം വിനിയോഗിക്കുന്നത് മനുഷ്യരാണ്.
അവിടെ മനുഷ്യനെ മറച്ചുവെക്കുന്നത് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോടലാണ്.

എല്ലാ രാഷ്ട്രീയ കക്ഷികളും ആത്മാർത്ഥവും ശുദ്ധവുമായിരുന്നെങ്കിൽ ഈ ഒളിവിന് ആവശ്യമുണ്ടാകുമായിരുന്നില്ല.
നേതാവിനെ മുന്നിൽ നിർത്താൻ ധൈര്യമില്ലെങ്കിൽ അതിന്റെ അർത്ഥം ഒന്നേയുള്ളു —
സ്വന്തം നേതാക്കളിൽ പോലും വിശ്വാസമില്ല.

ഇത് ഒരു പാർട്ടിയുടെ പ്രശ്നമല്ല.
ഇത് ഒരു മുന്നണിയുടെ മാത്രം പാപവുമല്ല.
കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിന്റെ സമഗ്ര പരാജയമാണ്.

ജനങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന, തിരഞ്ഞെടുപ്പിന് ശേഷം അവരെ അവഗണിക്കുന്ന ഈ സമീപനം തുടർന്നാൽ, ജനാധിപത്യം വെറും അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന നാടകമായി ചുരുങ്ങും.
തിരശ്ശീലക്ക് പിന്നിൽ എല്ലാം നിശ്ചയിക്കുന്ന, പുറത്തു ജനാധിപത്യം അഭിനയിക്കുന്ന ഒരു രാഷ്ട്രീയ തട്ടിപ്പ്.

ജനങ്ങൾ ചോദിക്കണം:
“ഞങ്ങൾ ആരെയാണ് അധികാരത്തിൽ എത്തിക്കുന്നത്?
അതിനുത്തരം പറയാൻ തയ്യാറാകാത്ത രാഷ്ട്രീയത്തെ അവിശ്വാസത്തിന്റെ കസേരയിൽ ഇരുത്തണം.

മുൻകൂട്ടി നേതാവിനെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയം ജനാധിപത്യത്തിന്റെ മിനിമം മര്യാദയാണ്.
അത് പോലും പാലിക്കാത്തവർക്ക്
ജനവിധിയുടെ അവകാശം ചോദിക്കാൻ ധാർമിക അവകാശമില്ല.

കേരള രാഷ്ട്രീയം ഇനി തീരുമാനിക്കണം
ജനങ്ങളെ പങ്കാളികളാക്കുമോ,
അല്ലെങ്കിൽ അവരെ വീണ്ടും നോക്കുകുത്തികളാക്കുമോ?

Author

Leave a Reply

Your email address will not be published. Required fields are marked *