സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന: മുഖ്യമന്ത്രിരാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ 2025 ലെ എഴുത്തച്ഛൻ പുരസ്‌കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.മലയാള സാഹിത്യത്തിന്റെ ജനായത്തവൽക്കരണത്തിന് തുടക്കം കുറിച്ചത് എഴുത്തച്ഛനാണ്. സാഹിത്യം വരേണ്യവർഗത്തിന്റെ മാത്രം കുത്തകയല്ലെന്നും അത് സാധാരണക്കാർക്കും സ്ത്രീകൾക്കും കൂടി അവകാശപ്പെട്ടതാണെന്നും സ്ഥാപിച്ച എഴുത്തച്ഛനാണ് ഭാഷയുടെ വിവിധ ശൈലികളെ സംയോജിപ്പിച്ച് മലയാളത്തിന് പുതിയ മുഖം നൽകിയത്. എഴുത്തച്ഛൻ തന്റെ കൃതികളിൽ പുലർത്തിയിരുന്ന ഭാവനാസ്വാതന്ത്ര്യം ഇന്നത്തെ കാലത്ത് വെല്ലുവിളിക്കപ്പെടുകയാണ്. നമ്മുടെ സമൂഹത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശ്രദ്ധവേണം. സമൂഹത്തെ പിന്നോട്ട് നയിക്കാൻ പുരാണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.