പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യ പത്രമാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന് ഇനി ഒരിക്കലും നടപ്പിലാക്കേണ്ടി വരില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് പൊള്ളയായ വാഗ്ദാനങ്ങള്‍ കുത്തി നിറച്ചിരിക്കുകയാണ്.ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന് നടപ്പിലാക്കാനുള്ള സാവകാശമോ അവകാശമോ ഇല്ല.ജനവഞ്ചന മുഖമുദ്രയാക്കിയ സര്‍ക്കാരായതുകൊണ്ട് ബജറ്റിനെയും വഞ്ചനയുടെ ആയുധമാക്കി.പ്രകടനപത്രിയിലെ വാഗ്ദാനങ്ങള്‍ പാലിച്ചു എന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ ക്ഷേമപെന്ഷന് 2500 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2024 ല്‍ നടപ്പാക്കേണ്ടതായിരുന്നു. അതിനുള്ള ശമ്പള കമ്മീഷനെ നിയമിച്ചത് പോലും ഈ ബജറ്റിലാണ്. അതും അടുത്ത സര്‍ക്കാരിന്റെ തലയില്ക്കെട്ടിവെച്ചിട്ടാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിച്ചത്.പങ്കാളിത്ത പെന്ഷന് പകരം അഷ്യേര്‍ഡ് പെന്ഷന് കൊണ്ടുവരുന്നു എന്ന് പറയുമ്പോഴും ജീവനക്കാര്‍ വിഹിതം നല്‍കണം. പങ്കാളിത്ത പെന്‍ഷനെ നഖശിഖാന്തം എതിര്‍ത്ത സിപിഐക്ക് എന്താണ് പറയാനുള്ളത്?വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും കഴിഞ്ഞ തവണ പ്രഖ്യാപിച്ചതിന്റെ പകുതിപോലും വിലയിരുത്തിയില്ല.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എത്ര പദ്ധതികള്‍ നടപ്പാക്കിയെന്നത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.