
തിരുവനന്തപുരം : കേരളത്തിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടുകയും അതുപോലെ ബൌദ്ധിക-വൈജ്ഞാനിക തലത്തിലുള്ള മാനവവിഭവശേഷിയുടെ ചോർച്ചയും കുടിയേറ്റവും ഒരു സാമൂഹിക പ്രശ്നമായി മാറുന്നതായി എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.അതുകൊണ്ട് മാറിയ കാലത്തിനനുസരിച്ച് നയങ്ങളിൽ മാറ്റം ഉണ്ടാകേണ്ടതും പുതിയ ബാദലുകളും അനിവാര്യമാണ്.
കെപിസിസി-ഗവേഷണ,നയകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വിഷയ വിദഗ്ദ്ധർ തയ്യാറാക്കിയ ഗവേഷണ നയരേഖ പ്രകാശനം ചെയ്യുകയായിരുന്നു വേണു ഗോപാൽ.കാലം നേരിടുന്ന വെല്ലുവിളിക്കനുസരിച്ച് തൊഴിൽ ലഭ്യമാകുന്ന നവീന കോഴ്സുകൾ ഉണ്ടാകണം വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല സാധാരണക്കാർക്ക് പ്രാപ്യമല്ലാത്തവിധം മാറിയിരിക്കുന്നുവെന്നും ചികിത്സക്കിടെ മരണം സംഭവിച്ചാൽ താങ്ങാനാകാത്തവിധം ഭീമമായ ചെലവാണെന്നും അതിനൊരു മാറ്റം നമ്മുടെ പൊതുജനാരോഗ്യ നയത്തിൽ ഉണ്ടാകണമെന്ന് കെ പിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.നയരേഖ പ്രകാശനത്തോടനുബന്ധിച്ച് സംഘടിപിച്ച പോളിസി റൗണ്ട് ടേബിൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു.തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ഗാന്ധിയുടെ പേരിലുള്ള പദ്ധതികൾ ഇല്ലാതാക്കുന്നതിനെ പ്രതിരോധിക്കുകയെന്ന ഉത്തരാവാദിത്തവുമുണ്ട്. ബഡ്ജറ്റ് വാഗ്ദാനങ്ങളിൽ പകുതിയും നടപ്പിലാക്കാത്ത സർക്കാരാണ് കേരളത്തിലേതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പറഞ്ഞു.സാമ്പത്തിക നയത്തിൽ പുതിയ ബദലുകൾക്കുവേണ്ടിയുള്ള ചർച്ചകളും പഠനങ്ങളും ആവശ്യമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.ലിജു പറഞ്ഞു.സുസ്തിര വികസനം സാധ്യമാക്കുന്ന വിധം പരിസ്ഥിതിക്ക് അനുയോജ്യമായ ഭരണ സംവിധാനവും സാമ്പത്തിക ക്രമവും ആവശ്യമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി ഗവേഷണ നയവിഭാഗം ചെയർപേഴ്സൺ ജെ.എസ്. അടൂർ ആദ്ധ്യക്ഷനായിരുന്നു. 12 വിഷയമേഖലയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കർമ്മപദ്ധതി യോഗം ചർച്ച ചെയ്തു.നെയ്യാറ്റിൻകര സനൽ,ഡോ. പി.പി.ബാലൻ,ഡോ. ജെ. ബി.രാജൻ,പി. കൃഷ്ണകുമാർ,ഡോ.കെ. എസ്. മനോജ്, ഡോ. അച്ചുത് ശങ്കർ,നിസാം സെയ്ദ്,ഡോ.മേരി ജോർജ്, അനിൽകുമാർ പി. വൈ,സാൻജൊ സാബു എന്നിവർ സംസാരിച്ചു.ഇതിന്റെ തുടർച്ചയായി നയരേഖ തയ്യാറാക്കിയ വിദഗ്ദ്ധരുടെ അവതരണവും ചർച്ചയും ഫെബ്രുവരി മൂന്നിന് ഇന്ദിരാഭവനിൽ നടക്കും.