
ശ്രീ എം എ ബേബി,
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി തുടരുന്ന മുൻ സിപിഎം എംഎൽഎ, ശ്രീ എ പത്മകുമാറിനെ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം 2025 നവംബർ 20ന് അറസ്റ്റ് ചെയ്യുകയുണ്ടായല്ലോ.
കേസിലെ എട്ടാം പ്രതിയായ ശ്രീ പത്മകുമാർ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ജയിലിൽ കഴിയുകയാണ്. ശബരിമലയിൽ നടന്ന സ്വർണ കൊള്ളയുടെ ഗൂഢാലോചനയിൽ നിർണായകമായ പങ്കുവഹിച്ചു എന്ന് കണ്ടെത്തലിനെ തുടർന്നാണ് ഈ അറസ്റ്റും ജയിൽവാസവും.
എന്നാൽ പത്മകുമാറിന് എതിരെ ചുമത്തിയ കുറ്റം എന്താണ് എന്ന വ്യക്തമല്ല എന്ന അവകാശപ്പെട്ടാണ് സിപിഎം ഇതുവരെ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി എടുക്കാത്തത്.
എന്നാൽ ഈ കൊള്ളയിൽ പത്മകുമാർ വഹിച്ച പങ്ക് എന്താണ് എന്ന് ഇയാൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ് മോഹിത് 2026 ജനുവരിയിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
“തിരുവിതാംകൂർ ദേവസ്വം മാനുവൽ വോളിയം രണ്ടിലെ അധ്യായം 9 പ്രകാരം 1998 ൽ യു.ബി ഗ്രൂപ്പ് സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും ശ്രീകോവിലിലെ തൂണുകളും അയ്യപ്പഭഗവാൻറെ തിരുവാഭരണങ്ങളാണ്. ഇവ അയ്യപ്പ ഭഗവാന്റെ തിരുവാഭരണങ്ങൾ ആണ് എന്നതിനാലും ദേവസ്വം മാനുവലിലെ പേജ് 116 ക്ളോസ് 23 പ്രകാരം ഇത്തരം അമൂല്യ വസ്തുക്കൾ അറ്റകുറ്റ പണികൾക്കായി ക്ഷേത്ര കോമ്പൗണ്ടിനു പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലാത്തതിനാലും കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡണ്ടിന് തൻറെ ഉത്തരവാദിത്വത്തിൽ നിന്ന് ലളിതമായി ഒഴിഞ്ഞുമാറാൻ ആവില്ല. പവിത്രമായ ഈ അമൂല്യ വസ്തുക്കൾ അനധികൃതമായി ഒന്നാംപ്രതിയെ ഏൽപ്പിക്കാനുള്ള തീരുമാനം 3/7/2019 ലെ ബോർഡ് യോഗത്തെ തുടർന്ന് 5/7/2019 ലെ ബോർഡിലാണ് ഔദ്യോഗികമായി എടുത്തത്. പരാതിക്കാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഈ തീരുമാനം കൃത്യമായി പ്രതിഫലിപ്പിക്കുന്നത് പരാതിക്കാരന് ഈ അവിശുദ്ധ കുറ്റത്തിലുള്ള ഗൂഢാലോചന പങ്കാളിത്തമാണ്. വ്യക്തിഗത ശ്രദ്ധ ആവശ്യമില്ലാത്ത ഒരു സാധാരണ സംഭവമായി ഈ തീരുമാനത്തെ ഒരിക്കലും കാണാനാവില്ല. ( ഖണ്ഡിക 41)
വിധി ഇപ്രകാരം തുടരുന്നു. ” ദേവസ്വം മാനൂവലിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾ നഗ്നമായി ലംഘിച്ചുകൊണ്ട് സ്വർണം പൂശുന്ന പ്രവർത്തനം നടത്താൻ എന്ന പേരിൽ ഒരു സ്വകാര്യ വ്യക്തിക്ക് അയ്യപ്പൻറെ തിരുവാഭരണങ്ങൾ ചെമ്പു പാളികൾ എന്ന കളവായി വിശദീകരിച്ചുകൊണ്ട് നിയമപരമായി കൈമാറാനുള്ള തീരുമാനമെടുത്ത 5/7/2019 ലെ ബോർഡ് യോഗത്തിന് അധ്യക്ഷo വഹിച്ചത് പരാതിക്കാരൻ ആണ് എന്ന വസ്തുത വ്യക്തമായി അടിവരയിടുന്നത് പ്രഥമദൃഷ്ട്യാ ഈ ക്രൂരമായ കുറ്റത്തിൽ പരാതിക്കാരനുള്ള കൃത്യമായ ഗൂഢാലോചന പങ്കാളിത്തമാണ് ( ഖണ്ഡിക 43)
ഇത്രയൊക്കെ തെളിവുകളും കോടതി ഉത്തരവുകളും വ്യക്തമായി കൈവശം ഉണ്ടായിട്ടും പത്മകുമാറിന് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന കാര്യം ഇപ്പോഴും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പത്മകുമാറിന്റെ നേതൃത്വത്തിൽ 10 കോടി രൂപ പിരിച്ചെടുത്തു എന്നും പുറത്താക്കിയാൽ ഇതിൻ്റെ വിശദാംശങ്ങൾ പുറത്തുപറയും എന്ന ഭയം കൊണ്ടുമാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ ജയിലിൽ കിടന്നിട്ടും കോടതികൾ അദ്ദേഹത്തിൻറെ ജാമ്യ അപേക്ഷ ഒന്നിലേറെ തവണ തള്ളിയിട്ടും സിപിഎം അച്ചടക്കടപടി എടുക്കാത്തത് എന്ന ആരോപണം ശരിയാണെന്ന് കരുത്തേണ്ടിവരും.
കേരളത്തിലെ ജനകോടികളുടെ വിശ്വാസത്തെ മാനിച്ച് ശബരിമല അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിലെ തിരുവാഭരണങ്ങൾ മോഷ്ടിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നൽകിയ ഈ വ്യക്തിയെ അടിയന്തരമായി പാർട്ടിയിൽ നിന്ന് പുറത്താക്കി കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
സസ്നേഹം
രമേശ് ചെന്നിത്തല